കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ദുരിതത്തിലായ അറുനൂറിലേറെ കുടുംബങ്ങൾക്ക് അനുവദിക്കേണ്ടിയിരുന്ന ധനസഹായം രണ്ടു വർഷം പിന്നിട്ടിട്ടും വിതരണം ചെയ്തില്ല. വീടുകളും റോഡുകളും പൂർണമായും ഭാഗികമായും തകർന്നവർ അടക്കമുള്ളവർ ഏറെക്കാലമായി കാത്തിരിപ്പിലാണ്.
പഞ്ചായത്ത്, ജില്ലാ ഭരണകൂടം, വിവിധ തലങ്ങളിലെ മന്ത്രിമാർ എന്നിവർക്ക് കുടുംബങ്ങൾ നിരന്തരം പരാതി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്ന് പരാതി ഉയരുന്നു. 2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിൽ അർഹരായ 600-ലേറെ പേർക്ക് നൽകേണ്ടത് 12 കോടി രൂപയാണ്.
കൃഷിനാശം സംഭവിച്ചവർ, വീട് നഷ്ടപ്പെട്ടവർ തുടങ്ങിയവരും നഷ്ടപരിഹാര പട്ടികയിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി തുക വിതരണം ചെയ്യാനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ അർഹരായവരുടെ കൃത്യമായ കണക്കുകൾ കലക്ടർക്കും സർക്കാരിനും കൈമാറിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഫണ്ട് പാസായതായി വിവരം ലഭിച്ചെങ്കിലും തുക ലഭ്യമായില്ല.
നിയമസഭ തിരഞ്ഞെടുപ്പിന് മുൻപെങ്കിലും തുക അനുവദിക്കുമെന്ന പ്രതീക്ഷയും ഫലവത്തായില്ല. നിയമസഭ തിരഞ്ഞെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ, കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് വീണ്ടും വകുപ്പിന് കൈമാറി.
പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ധനസഹായം വേഗത്തിൽ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും. ഫണ്ട് ലഭിക്കാത്തതിനാൽ പല അടിയന്തര പ്രവൃത്തികളും കരാറുകാർ സ്വന്തം നിലയിൽ പൂർത്തിയാക്കിയിരുന്നെങ്കിലും അവർക്കും ഇതുവരെ തുക ലഭിച്ചിട്ടില്ല.
റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, നഷ്ടപ്പെട്ട മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, ദുരന്ത മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

