പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവിഷ്കരിച്ച മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതി അവതാളത്തിൽ.
സ്ത്രീകളുടെ ആരോഗ്യവും ആർത്തവ ശുചിത്വവും മുൻനിർത്തി, നൂറുശതമാനം സബ്സിഡി നിരക്കിൽ കപ്പുകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ, കൃത്യമായ ആസൂത്രണമില്ലാത്തതും ബോധവൽക്കരണ പരിപാടികൾ മുടങ്ങിയതും പദ്ധതിയുടെ ലക്ഷ്യത്തെ അട്ടിമറിച്ചിരിക്കുകയാണ്.
പഞ്ചായത്തുകൾ, കുടുംബശ്രീ, ഗ്രാമസഭകൾ എന്നിവയുടെ സഹകരണത്തോടെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി ഉപകേന്ദ്രങ്ങൾ വഴി വിതരണം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ, പലയിടത്തും ഈ പ്രക്രിയ പൂർത്തീകരിക്കാൻ സാധിച്ചില്ല.
പദ്ധതി നടത്തിപ്പിലെ വീഴ്ച വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നാരങ്ങാനം പഞ്ചായത്തിൽ വികസനഫണ്ടിൽ നിന്ന് 3.44 ലക്ഷം രൂപ ചെലവഴിച്ച് 1150 മെൻസ്ട്രൽ കപ്പുകൾ വാങ്ങിയെങ്കിലും വിതരണം ചെയ്യാനായത് 205 എണ്ണം മാത്രം.
ബാക്കി 945 കപ്പുകൾ കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളിലും ഉപയോഗശൂന്യമായി ഇരിക്കുകയാണ്.
പന്തളം തെക്കേക്കര പഞ്ചായത്തിൽ ഒരു ലക്ഷം രൂപ മുടക്കി വാങ്ങിയ 333 കപ്പുകൾ ഒരെണ്ണം പോലും വിതരണം ചെയ്യാതെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഗുണഭോക്താക്കളെ മുൻകൂട്ടി നിശ്ചയിക്കാതെ നടത്തിയ വാങ്ങൽ നടപടികളാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
സമാനമായ സാഹചര്യം മറ്റു പഞ്ചായത്തുകളിലും പ്രകടമാണ്. കോന്നിയിൽ 52 എണ്ണവും കുറ്റൂരിലെ 571 എണ്ണവും വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നു.
കടപ്ര പഞ്ചായത്തിൽ 2.95 ലക്ഷം രൂപ ചെലവാക്കി 985 കപ്പുകൾ വാങ്ങിയെങ്കിലും, ഗുണഭോക്താക്കളായ 80 പേരിൽ 23 പേർക്ക് മാത്രമാണ് ഇവ കൈമാറാനായത്. ബാക്കി 57 എണ്ണം ആരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്നതായി ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സാനിറ്ററി പാഡുകളെ അപേക്ഷിച്ച് സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണ് മെൻസ്ട്രൽ കപ്പുകൾ. ദീർഘകാലം ഉപയോഗിക്കാവുന്നതും ചെലവ് കുറഞ്ഞതുമായ ഈ ഉൽപ്പന്നം ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ ഇത്തരമൊരു പദ്ധതി കൊണ്ടുവന്നത്.
ശാസ്ത്രീയമായ ബോധവൽക്കരണവും ആശാ പ്രവർത്തകർ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയുടെ മികച്ച ഏകോപനവും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം പദ്ധതികൾ അർഹരായ സ്ത്രീകളിലേക്ക് എത്തിക്കാനും ഫലപ്രദമാക്കാനും സാധിക്കൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

