കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും വീടും റോഡും തകർന്ന് ദുരിതത്തിലായ അറുനൂറിലേറെ കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിൽ. സംഭവത്തിന് രണ്ടു വർഷം പിന്നിട്ടിട്ടും കഴിഞ്ഞ സർക്കാർ വാഗ്ദാനം ചെയ്ത ദുരിതാശ്വാസ ഫണ്ട് ഇവർക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
പഞ്ചായത്ത്, ജില്ലാ ഭരണകൂടം, മന്ത്രിതലം എന്നിവിടങ്ങളിലായി നിരവധി തവണ പരാതികൾ സമർപ്പിച്ചിട്ടും നടപടികൾ എങ്ങുമെത്തിയില്ല. തകർന്ന വീടുകളുടെയും റോഡുകളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇതുവരെ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.
2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിൽ നഷ്ടം സംഭവിച്ച 600-ലേറെ പേർക്കായി സർക്കാർ പ്രഖ്യാപിച്ച 12 കോടി രൂപയുടെ സഹായധനമാണ് വൈകുന്നത്. കൃഷിനാശം നേരിട്ടവർ, വീട് ഭാഗികമായും പൂർണമായും തകർന്നവർ എന്നിവർ ഇപ്പോഴും നഷ്ടപരിഹാരം പ്രതീക്ഷിച്ചു കഴിയുകയാണ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി തുക വിതരണം ചെയ്യാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ, നഷ്ടം നേരിട്ടവരുടെ കണക്കുകൾ കലക്ടർക്കും സർക്കാരിനും സമർപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഫണ്ട് പാസായതായി ദുരന്ത നിവാരണ വകുപ്പിൽനിന്നു ജില്ലാ ഭരണകൂടത്തിന് അറിയിപ്പു ലഭിച്ചെങ്കിലും, തുക അക്കൗണ്ടിലെത്തിയില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായെങ്കിലും ഫണ്ട് അനുവദിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതും ഫലം കണ്ടില്ല.
തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായതോടെ, കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് വീണ്ടും ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്.
പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ തുക ഉടൻ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും. ഫണ്ട് വൈകുന്നതിനെത്തുടർന്ന് അടിയന്തര പ്രാധാന്യമുള്ള നിർമാണ പ്രവൃത്തികൾ കരാറുകാർ സ്വന്തം നിലയിൽ പൂർത്തിയാക്കിയിരുന്നു.
എന്നാൽ കരാറുകാർക്കും ഇതുവരെ പ്രതിഫലം ലഭിച്ചിട്ടില്ല. വെള്ളപ്പൊക്കത്തെ തുടർന്നുള്ള നഷ്ടപരിഹാരം, റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, മൃഗങ്ങൾക്കുണ്ടായ നഷ്ടം, ദുരന്ത മേഖലയിൽ നിന്നു മാറ്റിതാമസിപ്പിച്ചവരുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങൾക്കായാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

