കൊല്ലം കാവനാട് ആൽത്തറമൂടിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാത മേൽപ്പാലത്തിൽ വിള്ളൽ കണ്ടെത്തി. ഇന്നലെ രൂപപ്പെട്ട
വിള്ളലിനെ തുടർന്ന് നൂറു മീറ്ററോളം ഭാഗത്ത് റോഡ് തകർച്ചയുടെ വക്കിലാണ്. നിലവിൽ ഈ ഭാഗത്തുകൂടി വാഹനഗതാഗതം അനുവദിച്ചിട്ടില്ല.
സംഭവത്തിൽ നാട്ടുകാർ ജില്ലാ കലക്ടർക്ക് ഔദ്യോഗികമായി പരാതി നൽകി. നിർമാണച്ചുമതലയുള്ള ശിവാലയ കൺസ്ട്രക്ഷൻസ് കമ്പനി അധികൃതർ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
മേൽപ്പാലത്തിലെ വിള്ളൽ പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഏഴിലധികം തുരുത്തുകൾ സ്ഥിതി ചെയ്യുന്ന മുക്കാട് മേഖലയിൽ, ശാസ്ത്രീയമായ പാരിസ്ഥിതിക പഠനങ്ങളില്ലാതെ മണ്ണിട്ട് ഉയർത്തിയാണ് പാത നിർമിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
നേരത്തെ കൊട്ടിയം മൈലക്കാട് മേഖലയിൽ ഇത്തരത്തിൽ നിർമാണപ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് സർവീസ് റോഡ് ഉൾപ്പെടെ തകർന്നത് വലിയ ഭയപ്പാടിന് കാരണമായിരുന്നു. കൊട്ടിയം പറക്കുളത്തും സമാനമായ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും താൽക്കാലിക പരിഹാരങ്ങൾ മാത്രമാണ് അധികൃതർ സ്വീകരിച്ചത്.
മൂന്നു മാസം മുൻപ് ടാറിങ്ങിന് മുൻപായി പാലത്തിനായി മണ്ണിട്ട് ഉയർത്തിയപ്പോൾ ആർഇ വോൾ പുറത്തേക്ക് തള്ളി വന്നിരുന്നു. അന്നുതന്നെ ആൽത്തറമൂട് മുതൽ നീണ്ടകര വരെ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും എൻഎച്ച്ഐയും കരാർ കമ്പനിയും അത് അവഗണിക്കുകയായിരുന്നു.
മണ്ണ് പരിശോധനാഫലം പുറത്തുവന്നതിനു ശേഷം മാത്രമേ നിർമാണം പൂർത്തിയാക്കൂ എന്ന് നൽകിയ ഉറപ്പും ലംഘിക്കപ്പെട്ടു. ശക്തമായ മഴ തുടർന്നാൽ മണ്ണിടിഞ്ഞ് ഉയരപ്പാത പൂർണമായും തകരാൻ സാധ്യതയുണ്ടെന്ന് കോർപറേഷൻ കൗൺസിലർ ബി.ദീപു ഗംഗാധരൻ മുന്നറിയിപ്പ് നൽകി.
നിർമാണ പ്രവർത്തനങ്ങളിൽ അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ തടയുകയും റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ശക്തികുളങ്ങര മണ്ഡലം കമ്മിറ്റി രംഗത്തെത്തി.
കോൺക്രീറ്റ് തൂണുകൾ ഉപയോഗിച്ച് പാലം നിർമിക്കുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കണമെന്നും, ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട് മാറ്റണമെന്നും യുഡിഎഫ് ശക്തികുളങ്ങര മണ്ഡലം കമ്മിറ്റി ചെയർമാൻ കിടങ്ങിൽ സന്തോഷ്, കൺവീനർ എം.പുഷ്പാംഗദൻ എന്നിവർ ആവശ്യപ്പെട്ടു. നടപടികൾ വൈകിയാൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

