തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണവും സ്വർണാഭരണങ്ങളും കൈക്കലാക്കുകയും ചെയ്ത ശേഷം മറ്റൊരു വിവാഹത്തിന് ശ്രമിച്ച യുവാവ് വിഴിഞ്ഞം പൊലീസിൻ്റെ പിടിയിലായി. കുര്യാത്തി സ്വദേശി സച്ചിൻകുമാർ (32) ആണ് അറസ്റ്റിലായത്.
2022-ൽ ജോലിസ്ഥലത്തുവെച്ചാണ് സച്ചിൻകുമാർ പരാതിക്കാരിയുമായി പരിചയത്തിലായത്. തുടർന്ന് വിവാഹവാഗ്ദാനം നൽകി യുവതിയെ പലതവണ പീഡനത്തിന് ഇരയാക്കിയെന്നും, ഒൻപത് ലക്ഷം രൂപയും ഏഴ് പവൻ സ്വർണാഭരണങ്ങളും കൈക്കലാക്കിയെന്നുമാണ് കേസ്.
പ്രണയം നടിച്ച് യുവതിയെ പലയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. വിവാഹം നടത്താമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് തവണ യുവതിയെ വിളിച്ചുവരുത്തിയെങ്കിലും ഇയാൾ സ്ഥലത്തെത്തിയില്ല.
ഇതിനിടയിൽ, പ്രതി മറ്റൊരു യുവതിയുമായി രജിസ്റ്റർ വിവാഹത്തിന് ശ്രമിക്കുന്നതായി പരാതിക്കാരിക്ക് വിവരം ലഭിച്ചു. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
പരാതിയെത്തുടർന്ന് കഴക്കൂട്ടത്തുനിന്നും ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. റെയിൽവേ പൊലീസിൻ്റെ സഹായത്തോടെ വിഴിഞ്ഞം പൊലീസിലെ പ്രത്യേക സംഘം പാലക്കാട് വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

