തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേളയിൽ ജാതിപ്പേര് ഉൾപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പരാമർശം രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുന്നു.
വടശേരി വിലാസിനി അമ്മയുടെയും കെ.ദാമോദര മേനോന്റെയും മകനായ വി.ഡി.സതീശൻ, ഇത്തവണ ‘വടശ്ശേരി ദാമോദര മേനോൻ സതീശൻ’ എന്ന് പേര് പൂർണ്ണരൂപത്തിൽ പരാമർശിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഈ വിഷയത്തിൽ കോൺഗ്രസ് പാർട്ടിക്ക് ഉള്ളിൽ നിന്നുതന്നെ ഭിന്നാഭിപ്രായങ്ങൾ ഉയരുകയാണ്.
ജാതി വാലുകൾ ഇല്ലാത്ത കോൺഗ്രസാണ് ഇൻക്ലൂസിവ് എന്ന് പാർട്ടി വക്താവായ ജിന്റോ ജോൺ അഭിപ്രായപ്പെട്ടു. മുൻകാല സത്യപ്രതിജ്ഞകളിൽ ഉപയോഗിക്കാതിരുന്ന മേനോൻ എന്ന ജാതിപ്പേര് ഇപ്പോൾ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് പാർട്ടി വക്താവായ അനൂപ് വി ആർ രംഗത്തെത്തി.
മറുഭാഗത്ത്, പ്രതിപക്ഷ നേതാവിന് പിന്തുണയുമായി ബി ആർ എം ഷെഫീർ രംഗത്തെത്തി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിന്റെ രേഖകൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.
“നമ്പൂതിരിപ്പാട്, നായനാർ എന്നതൊക്കെ ജാതി പേരാണെന്നും ആദരണീയ ഹര്‍കിഷന്‍സിംഗ് സുര്‍ജിത് മരണം വരെ ടര്ബന് തലയില്‍ കെട്ടിയിരുന്നു എന്നതും വിഡിഎസിനെ പരിഹസിക്കുന്ന സൈബർ സഖാക്കൾ മറക്കരുതെന്നുമാണ്” ബി ആർ എം ഷെഫീർ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. നെഹ്റൂവിയൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് നിലവിൽ ജാതിപ്പേര് വെളിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്.
ന്യൂനപക്ഷ പ്രീണന ആരോപണങ്ങൾക്കുള്ള മറുപടിയാണോ ഇതെന്നും, ഭൂരിപക്ഷ സമുദായത്തെ ഒപ്പം നിർത്താനുള്ള രാഷ്ട്രീയ തന്ത്രമാണോ ഇതെന്നും തുടങ്ങി വിവിധ തലങ്ങളിലുള്ള ചർച്ചകളാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

