ആലത്തൂർ – കൊടുവായൂർ റോഡിൽ എരിമയൂർ പഞ്ചായത്ത് ഓഫിസിനു സമീപം ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഈർച്ചപ്പൊടി കയറ്റി കൊടുവായൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ലോറിയിലേക്ക്, ചെങ്കാരത്തുനിന്ന് ആലത്തൂരിലേക്ക് പോകുകയായിരുന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
ബൈക്കിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ലോറിക്കടിയിൽ കുടുങ്ങിയ സുഖിലിനെയും രജീഷിനെയും നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ ആലത്തൂർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രജീഷ് മരണപ്പെട്ടിരുന്നു.
ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന സുഭാഷിനെ ആലത്തൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുനിശ്ശേരി ചെങ്കാരം കല്ലായിക്കളം സൂര്യയുടെ മകൻ സുഭാഷ് (22), ചെങ്കാരം വാസുവിന്റെ മകൻ രജീഷ് (21) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ സുന്ദരന്റെ മകൻ സുഖിലിനെ (18) വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രജീഷും സുഖിലും സഹോദരങ്ങളുടെ മക്കളാണ്.
ബൈക്ക് അതിവേഗത്തിലായിരുന്നുവെന്നും, മറ്റൊരു വാഹനത്തിൽ തട്ടിയ ശേഷമാണ് ലോറിയിലേക്ക് ഇടിച്ചുകയറിയതെന്നും പോലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട
ബൈക്കിന് നമ്പർ പ്ലേറ്റ് ഇല്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

