തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനം. വിവിധ ജില്ലകളിൽ നടന്ന അവലോകന യോഗങ്ങളിൽ നേതൃത്വത്തിന്റെ നയങ്ങൾക്കും പ്രവർത്തന ശൈലിക്കുമെതിരെ നേതാക്കൾ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി.
ഇടുക്കി ജില്ലാ കമ്മിറ്റിയിൽ ഉടുമ്പൻചോലയിലെ പരാജയം സംബന്ധിച്ച് വലിയ ചർച്ചകളാണ് നടന്നത്. ഉടുമ്പൻചോലയിൽ എംഎം മണിയെ സ്ഥാനാർത്ഥിയാക്കാതിരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടുവെന്നും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ മത്സരിപ്പിക്കാൻ ശ്രമിച്ചത് തിരിച്ചടിയായെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
മറ്റിടങ്ങളിൽ രണ്ട് ടേം വ്യവസ്ഥയിൽ ഇളവുകൾ നൽകിയപ്പോൾ എംഎം മണിയെ തഴഞ്ഞത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇതിനുപുറമെ, ഉടുമ്പൻചോലയിലെ പരാജയത്തിന് എസ്ഐആറും കാരണമായി.
റോഷി അഗസ്റ്റിന്റെ പരാജയത്തിന് കാരണം കേരള കോൺഗ്രസ് വോട്ടുകൾ ചോർന്നതാണെന്നും പീരുമേട്ടിൽ ചില സിപിഐ നേതാക്കൾ വിട്ടുനിന്നെന്നും ജില്ലാ കമ്മിറ്റിയിൽ വിലയിരുത്തി. അതേസമയം, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്.
തെരഞ്ഞെടുപ്പിലെ തകർച്ചയ്ക്ക് കാരണം കണ്ണൂർ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ അംഗങ്ങൾ, കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, എംവി ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെയും യോഗത്തിൽ അതിരൂക്ഷമായ വിമർശനങ്ങളാണ് അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

