ഇടുക്കി ജില്ലയിൽ കെഎസ്ആർടിസി ബസുകളിൽ നേരിടുന്ന കടുത്ത ടയർ ക്ഷാമം ഗതാഗത സംവിധാനത്തെ താളംതെറ്റിക്കുന്നു. ജില്ലയിലെ മിക്ക ഡിപ്പോകളിലും ടയറുകൾ ലഭ്യമല്ലാത്തതിനെത്തുടർന്ന് രണ്ടോ മൂന്നോ ബസുകൾ വീതം സർവീസ് നിർത്തി വെച്ചിരിക്കുകയാണ്.
ഈ സാഹചര്യം തുടരുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ കട്ടപ്പുറത്താകുമെന്ന ആശങ്കയിലാണ് ജീവനക്കാർ. ഇതിനകം തന്നെ പല റൂട്ടുകളിലും സർവീസുകൾ വെട്ടിക്കുറച്ചു തുടങ്ങിയിട്ടുണ്ട്.
പുതുതായി സർവീസ് ആരംഭിച്ച പ്രീമിയം ബസുകളുടെ കാര്യത്തിൽ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഈ ബസുകളിൽ തുടർച്ചയായി ടയർ പഞ്ചറാകുന്നതും പൊട്ടിത്തെറിക്കുന്നതും പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് വെച്ച് പ്രീമിയം ബസിന്റെ ടയർ പൊട്ടിത്തെറിച്ച സംഭവം യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. ബസുകളുടെ ഡിസൈനിലുള്ള സാങ്കേതിക തകരാറുകളാണ് ടയർ തകരാറുകൾക്ക് കാരണമെന്നാണ് മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ പ്രാഥമിക നിഗമനം.
പുതിയ പ്രീമിയം ബസുകൾ എത്തിയതോടെ മെക്കാനിക്കൽ ജീവനക്കാരുടെ ജോലിഭാരം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെങ്കിലും, ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് അറ്റകുറ്റപ്പണികളെ തടസ്സപ്പെടുത്തുന്നുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ ടയർ ക്ഷാമത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ, മോശം ടയറുകളുമായി സർവീസ് നടത്തുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

