പത്തനാപുരം കുന്നിക്കോട് മേഖലയിൽ ഹൈഡ്രോക്ലോറിക് ആസിഡ് കയറ്റിയ ടാങ്കറിൽ നിന്ന് ആസിഡ് ചോർന്നത് പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചു. തിങ്കളാഴ്ച പുലർച്ചെ 3.30-ഓടെയായിരുന്നു സംഭവം.
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് കൊച്ചി ഏലൂരിലേക്ക് 25 ടൺ ആസിഡുമായി സഞ്ചരിക്കുകയായിരുന്ന ടാങ്കറിലാണ് ചോർച്ച കണ്ടെത്തിയത്. പ്രാദേശികവാസിയായ ടാങ്കർ ഡ്രൈവർ കുന്നിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം വാഹനം നിർത്തിയിട്ട് വിശ്രമിക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്.
പുകപോലെ ആസിഡ് പുറത്തേക്ക് ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ കടയിലെ ജീവനക്കാർ ഡ്രൈവറെ വിവരം അറിയിക്കുകയും തുടർന്ന് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകുകയുമായിരുന്നു.
വിവരം അറിഞ്ഞയുടൻ തന്നെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഗതാഗതം വഴിതിരിച്ചുവിട്ടു. റോഡിലേക്ക് വ്യാപിച്ച ആസിഡ് ഉദ്യോഗസ്ഥർ നിർവീര്യമാക്കുകയും ജലാശയങ്ങളിലേക്ക് പടരാതിരിക്കാൻ മണ്ണുപയോഗിച്ച് തടയണ തീർക്കുകയും ചെയ്തു.
ചവറ കെഎംഎംഎലിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തി ചോർച്ച അടയ്ക്കാൻ ശ്രമിച്ചെങ്കിലും പ്രാരംഭഘട്ടത്തിൽ വിജയിച്ചില്ല. തുടർന്ന് രാവിലെ 8.30-ഓടെ ചോർച്ച താൽക്കാലികമായി നിയന്ത്രിക്കാനായി.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ടാങ്കർ സമീപത്തെ സ്കൂൾ ഗ്രൗണ്ടിലേക്ക് മാറ്റി. ഇതിനിടെ, ദുരന്ത നിവാരണ അതോറിറ്റി, കലക്ടറേറ്റ് പ്രത്യേക സംഘം, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ്, മോട്ടർ വാഹന വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ടാങ്കറിലെ അധിക ആസിഡ് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയ ശേഷമാണ് ആശങ്ക പൂർണ്ണമായും ഒഴിവായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

