അസമിലെ പ്രശസ്തമായ മാനസ് നാഷണൽ പാർക്കിൽ വിനോദസഞ്ചാരികൾക്കു നേരെ കാണ്ടാമൃഗം നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. പാർക്കിൽ ജംഗിൾ സഫാരിക്കിടെയായിരുന്നു സംഭവം.
വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പിന് നേരെ കാണ്ടാമൃഗം പാഞ്ഞടുക്കുകയും അത് തലകീഴായി മറിക്കാൻ ശ്രമിക്കുകയും ചെയ്തു. നിർത്തിയിട്ടിരുന്ന വാഹനത്തിന് നേരെ പെട്ടെന്ന് കാണ്ടാമൃഗം നടന്നെത്തുകയായിരുന്നു.
തന്റെ ശക്തമായ കൊമ്പുപയോഗിച്ച് ജീപ്പിൽ ഇടിക്കുകയും തള്ളാൻ ശ്രമിക്കുകയും ചെയ്യുന്നതും, ഇതിന്റെ ആഘാതത്തിൽ വാഹനം കുലുങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ജീപ്പിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി നിലവിളിക്കുന്നതും വീഡിയോയിൽ കാണാം.
‘അലി ആസിഫ് എസ്കെ ഒഫീഷ്യൽ’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വന്യജീവി സഫാരിയുമായി ബന്ധപ്പെട്ട സുരക്ഷാ നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
ജീപ്പ് കാണ്ടാമൃഗത്തിന്റെ തൊട്ടടുത്തേക്ക് കൊണ്ടുപോയതാണ് മൃഗത്തെ പ്രകോപിപ്പിച്ചതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ഡ്രൈവർക്കും ടൂർ ഗൈഡിനുമെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
കാണ്ടാമൃഗങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്ന നിയമം പലപ്പോഴും കാറ്റിൽ പറത്തപ്പെടാറുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. “ഇന്ത്യൻ കാണ്ടാമൃഗങ്ങളുടെ അടുത്ത് ഇങ്ങനെ നിൽക്കുന്നത് തമാശയല്ല, അവ സ്വന്തം പ്രദേശത്തിന്റെ കാര്യത്തിൽ കടുത്ത സംരക്ഷണ സ്വഭാവമുള്ളവയാണ്” എന്ന് ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.
സഫാരി ഓപ്പറേറ്റർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

