സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. തെക്കൻ, വടക്കൻ ജില്ലകളിലായിരിക്കും മഴ കൂടുതൽ ശക്തമാകുക.
അതേസമയം, തീരദേശ മേഖലകളിൽ ‘കള്ളക്കടൽ’ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ (19/05/2026) രാവിലെ 08.30 മുതൽ 20/05/2026 ഉച്ചയ്ക്ക് 02.30 വരെ കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) തീരപ്രദേശങ്ങളിൽ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് മാറി താമസിക്കേണ്ടതാണ്. നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ പകൽ സമയത്ത് തന്നെ ക്യാമ്പുകളിലേക്ക് മാറി താമസിക്കുന്നത് ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും റവന്യൂ അധികാരികളുമായും ബന്ധപ്പെടാവുന്നതാണ്. കൂടാതെ, അടച്ചുറപ്പില്ലാത്തതും മേൽക്കൂര ബലമില്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ അപകടസാധ്യത മുന്നിൽ കണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

