കഴിഞ്ഞ സർക്കാരിന്റെ കാലയളവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു.
യുഡിഎഫ് സർക്കാരിന്റെ പ്രഥമ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിനെ ‘പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്’ എന്ന് വിശേഷിപ്പിച്ചിരുന്ന വി.ഡി.
സതീശൻ, കിഫ്ബിയുടെ പ്രവർത്തനരീതികൾ സംസ്ഥാനത്തിന്റെ കടമെടുപ്പ് ശേഷിയെ പ്രതികൂലമായി ബാധിച്ചുവെന്നും മുൻപ് ആരോപിച്ചിരുന്നു. കിഫ്ബി വഴി എടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ ബാധ്യതയായി കണക്കാക്കുമെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടും ഇതോടൊപ്പം ചർച്ചയാകുന്നുണ്ട്.
ഫിസ്കൽ റസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് ആക്ട് (എഫ്ആർബിഎം) പ്രകാരം സംസ്ഥാനങ്ങൾക്ക് അനുവദനീയമായ പരിധിക്കപ്പുറം കടബാധ്യത ഉയർന്നുവെന്നാണ് വിലയിരുത്തൽ. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പിലേക്ക് മാറ്റണമെന്നും കിഫ്ബിയെ പുനഃക്രമീകരിക്കണമെന്നും സാമ്പത്തിക വിദഗ്ധ ഡോ.
മേരി ജോർജ് അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ കടബാധ്യതയിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്.
ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ 1.57 ലക്ഷം കോടി രൂപയായിരുന്ന കടം, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 2.96 ലക്ഷം കോടി രൂപയായും 2025-26 കാലയളവിൽ 4.88 ലക്ഷം കോടി രൂപയായും വർധിച്ചു. പ്രതിസന്ധികൾക്കിടയിലും ജൂൺ 5-ന് ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാർ, ആശാ വർക്കർമാരുടെ ഓണറേറിയം 3000 രൂപയായും അങ്കണവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, പ്രീപ്രൈമറി അധ്യാപകർ, ആയമാർ എന്നിവരുടെ വേതനം 1000 രൂപയായും വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രയും ലഭ്യമാകും.
കൂടാതെ, സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക, ലോജിസ്റ്റിക്സ് രംഗത്ത് കുതിച്ചുചാട്ടം നടത്തുക, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയേക്കും. നികുതി പിരിവ് ശക്തമാക്കുന്നതിന്റെ ഭാഗമായി ജിഎസ്ടി സമാഹരണത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
സ്വർണ വിപണിയിൽ നിന്ന് നിലവിൽ ലഭിക്കുന്ന നികുതി വരുമാനം വളരെ കുറവാണെന്നും ഇത് വർധിപ്പിക്കേണ്ടതുണ്ടെന്നും സർക്കാർ വിലയിരുത്തുന്നു. അതേസമയം, കള്ളക്കടത്തും നികുതിവെട്ടിപ്പും തടയുന്നതിന് വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന വേണമെന്നാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) സംസ്ഥാന ജനറൽ സെക്രട്ടറി എസ്.
അബ്ദുൽ നാസർ ആവശ്യപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

