അമേരിക്കന് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേശകരുടെയും നേതൃത്വത്തിൽ നടന്ന വൻതോതിലുള്ള ഓഹരി ഇടപാടുകൾ വലിയ സാമ്പത്തിക വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നു. 2026-ലെ ആദ്യ മൂന്നു മാസങ്ങളിൽ മാത്രം 3700-ലധികം ഓഹരി ഇടപാടുകളാണ് ഇവർ നടത്തിയിരിക്കുന്നത്.
യുഎസ് സർക്കാരിന്റെ നയങ്ങളെയും തീരുമാനങ്ങളെയും നേരിട്ട് സ്വാധീനിക്കാൻ സാധ്യതയുള്ള വൻകിട കമ്പനികളിലാണ് ഈ നിക്ഷേപങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ബ്ലൂംബെർഗ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, അമേരിക്കയിലെ മുൻനിര ടെക്നോളജി, ഫിനാൻസ്, വ്യോമയാന മേഖലകളിലെ കോടിക്കണക്കിന് രൂപയുടെ ഓഹരികളാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ വാങ്ങുകയും വിൽക്കുകയും ചെയ്തിരിക്കുന്നത്.
ഈ വ്യാപാര വേഗത വോൾ സ്ട്രീറ്റിൽ പോലും കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പ്രതിദിനം ശരാശരി 40-ലധികം ഓഹരി ഇടപാടുകളാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
2025-ന്റെ അവസാന പാദത്തിൽ നടന്നത് വെറും 380 ഇടപാടുകൾ മാത്രമായിരുന്നിടത്താണ് ഈ കുതിച്ചുചാട്ടം. 40 വർഷത്തെ പ്രവർത്തന പരിചയമുള്ള ‘ദി വെൽത്ത് അലയൻസ്’ മാനേജിംഗ് ഡയറക്ടർ എറിക് ഡിറ്റൺ പറയുന്നത്, “ഇത്രയും ചുരുങ്ങിയ കാലയളവിൽ ഒരു യുഎസ് പ്രസിഡന്റ് ഇത്രയധികം ഓഹരി വ്യാപാരം നടത്തുന്നത് മുൻപെങ്ങും കേട്ടുകേൾവിയില്ലാത്തതാണ്” എന്നാണ്.
എൻവിഡിയ, മൈക്രോസോഫ്റ്റ്, ആമസോൺ, ബോയിംഗ് തുടങ്ങിയ കമ്പനികളിൽ ഓരോന്നിലും ചുരുങ്ങിയത് 10 ലക്ഷം ഡോളറിന്റെ നിക്ഷേപമെങ്കിലും ട്രംപ് നടത്തിയിട്ടുണ്ട്. കൂടാതെ ഫെബ്രുവരി 10-ന് മാത്രം മൈക്രോസോഫ്റ്റ്, മെറ്റാ, ആമസോൺ എന്നീ കമ്പനികളിലെ ഓഹരികൾ വിറ്റഴിച്ചതിലൂടെ 50 ലക്ഷം മുതൽ 2.5 കോടി ഡോളർ വരെ സ്വന്തമാക്കാൻ സാധിച്ചു.
ഇതിനുപുറമെ യൂബർ, ഇബേ, നെറ്റ്ഫ്ലിക്സ്, വാർണർ ബ്രദേഴ്സ് തുടങ്ങിയ മുൻനിര കമ്പനികളും ഈ ഇടപാടുകളിൽ ഉൾപ്പെടുന്നു. സർക്കാർ നയങ്ങളെ നേരിട്ട് ആശ്രയിക്കുന്ന കമ്പനികളുമായി പ്രസിഡന്റ് പദവിയിലിരിക്കുന്ന ഒരാൾ ഇത്തരത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ധാർമ്മികമായ വലിയ ചോദ്യങ്ങൾ ഉയർത്തുന്നു.
ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്, ബിൽ ക്ലിന്റൺ തുടങ്ങിയ മുൻ പ്രസിഡന്റുമാർ തങ്ങളുടെ ബിസിനസ്സ് താല്പര്യങ്ങൾ ‘ബ്ലൈൻഡ് ട്രസ്റ്റുകൾക്ക്’ കൈമാറിയാണ് ഭരണനിർവ്വഹണം നടത്തിയിരുന്നത്.
എന്നാൽ ട്രംപ് തന്റെ ബിസിനസ്സ് പൂർണ്ണമായി ഒഴിവാക്കുകയോ സ്വതന്ത്ര ട്രസ്റ്റിന് നൽകുകയോ ചെയ്തിട്ടില്ല. ഇതിനിടെ, ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾക്ക് മുന്നോടിയായുള്ള വിപണിയിലെ സംശയാസ്പദമായ നീക്കങ്ങളും ജാരെഡ് കുഷ്നറുടെ നേതൃത്വത്തിലുള്ള ‘അഫിനിറ്റി പാർട്ണേഴ്സിന്റെ’ ഗൾഫ് ബന്ധങ്ങളും നിരീക്ഷകരുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്.
എന്നാൽ തങ്ങളുടെ ഭാഗത്ത് യാതൊരുവിധ താല്പര്യ വൈരുദ്ധ്യവുമില്ലെന്നും, സ്വതന്ത്ര സാമ്പത്തിക സ്ഥാപനങ്ങളാണ് നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും വൈറ്റ് ഹൗസും ട്രംപ് ഓർഗനൈസേഷനും ഔദ്യോഗികമായി അറിയിച്ചു. വിവരങ്ങൾ കൈമാറുന്നതിലെ കാലതാമസം സംബന്ധിച്ച ചെറിയ പിഴകൾ മാത്രമാണ് നിലവിലുള്ളതെന്നാണ് അവരുടെ വിശദീകരണം.
എന്നിരുന്നാലും, വിഷയത്തിൽ വാഷിംഗ്ടണിൽ രാഷ്ട്രീയ പോരാട്ടം ശക്തമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

