നാലര പതിറ്റാണ്ട് മുൻപ് തേവര സേക്രഡ് ഹാർട്ട് കോളജ് ക്യാംപസിൽ മുഴങ്ങിയ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്.
പ്രീഡിഗ്രി പഠനകാലത്താണ് അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആദ്യമായി വിജയം കൈവരിക്കുന്നത്. 1980-ൽ നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ സ്ഥാനാർഥിയായിരുന്ന കെ.എം.
മോഹൻദാസിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു സതീശന്റെ ഈ രാഷ്ട്രീയ പ്രവേശം. 1979–81 കാലഘട്ടത്തിലെ പഠനകാലം മോഹൻദാസിനെ സംബന്ധിച്ചിടത്തോളം ഇന്നും മായാത്ത ഓർമയാണ്.
അക്കാലത്ത് പ്രീഡിഗ്രി ഒന്നാം വർഷ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട മോഹൻദാസ്, രണ്ടാം വർഷം വീണ്ടും എസ്.എഫ്.ഐ സ്ഥാനാർഥിയായി മത്സരിക്കുകയായിരുന്നു.
അന്ന് കെ.എസ്.യു-കെ.എസ്.സി സഖ്യത്തിന്റെ ഭാഗമായാണ് വി.ഡി. സതീശൻ ജനവിധി തേടിയത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോഹൻദാസ് നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു: ‘‘ഞങ്ങൾക്കെതിരെ കെഎസ്യു – കെഎസ്സി കൂട്ടുകെട്ടാണു മത്സരിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും ചേർന്ന് വെള്ളം പോലെ നിറമോ മണമോ രൂപമോ ഇല്ലാത്ത അവസ്ഥയാണ്.
ഞങ്ങൾക്ക് വ്യക്തമായ നയങ്ങളുണ്ട്, ഉറച്ച അഭിപ്രായങ്ങളുണ്ട്.’’ ഇതിന് സതീശൻ നൽകിയ മറുപടി അന്ന് ക്യാംപസിൽ വലിയ ചർച്ചയായിരുന്നു: ‘‘ഞങ്ങൾ ഹൈഡ്രജനും ഓക്സിജനും ചേർന്ന വെള്ളം പോലുള്ള മുന്നണി ആണെന്ന് നിങ്ങളോട് വോട്ട് ചോദിച്ച് മോഹൻദാസ് പറയുകയുണ്ടായല്ലോ. ശരിയാണ്, ഓർത്തു നോക്കൂ, ഓക്സിജനും വെള്ളവുമില്ലാതെ ഇവിടെ ജീവിക്കാനാകുമോ? ഞങ്ങളുടെ മുന്നണിയെ വിജയിപ്പിച്ചാൽ നിങ്ങളുടെ ദാഹനീരായ്, പ്രാണവായുവായി ഞങ്ങൾ ഒപ്പമുണ്ടാകും.’’ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മാഗസിൻ എഡിറ്റർ, യൂണിയൻ കൗൺസിലർ സ്ഥാനങ്ങൾ ഒഴികെ മറ്റെല്ലാ സീറ്റുകളിലും കെ.എസ്.യു-കെ.എസ്.സി സഖ്യം വിജയം വരിച്ചു.
ഇത് വി.ഡി. സതീശന്റെ ആദ്യ വിജയമായി മാറി.
തുടർന്ന് രാഷ്ട്രീയത്തിൽ ഉന്നത പദവികളിലേക്ക് അദ്ദേഹം നടന്നുകയറി. നിലവിൽ പനങ്ങാട് സ്വദേശിയായ മോഹൻദാസ് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി പെയ്ന്റിങ് തൊഴിലാളിയായി ജോലി ചെയ്യുകയാണ്.
തന്റെ ആദ്യ രാഷ്ട്രീയ എതിരാളിയായിരുന്ന വി.ഡി. സതീശൻ ഉന്നത പദവികളിലെത്തുമ്പോൾ സന്തോഷവും കൗതുകവും പങ്കുവെക്കുകയാണ് മോഹൻദാസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

