മാസം 5,000 രൂപ ശമ്പളം ലഭിച്ചിരുന്ന ഒരു സെയിൽസ് റെപ്രസെന്റേറ്റീവിൽ നിന്ന് ഇന്ന് 48 കോടി രൂപ വിറ്റുവരവുള്ള വൻകിട ബിസിനസ് സ്ഥാപനത്തിന്റെ ഉടമയിലേക്കുള്ള നയന വൈദ്യയുടെ വളർച്ച ശ്രദ്ധേയമാകുന്നു.
ഹെൽത്ത് കെയർ വിതരണ ശൃംഖലയായ ‘ഓം സായി സർജിക്കൽസ്’ എന്ന കമ്പനിയുടെ സ്ഥാപകയാണ് നയന. ഒരു പ്രമുഖ പോഡ്കാസ്റ്റിലാണ് തന്റെ ജീവിതത്തിലെ നിർണായകമായ ഈ ബിസിനസ് മുന്നേറ്റത്തെക്കുറിച്ച് അവർ മനസ് തുറന്നത്.
2026 മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം, കമ്പനിയുടെ വാർഷിക വിറ്റുവരവ് 48 കോടി രൂപയിലെത്തിയെന്ന് നയന വ്യക്തമാക്കി. ഈ നേട്ടത്തിലും തികഞ്ഞ വിനയത്തോടെയാണ് അവർ പ്രതികരിക്കുന്നത്.
‘എനിക്ക് ഇതിൽ വലിയ അഹങ്കാരമൊന്നും തോന്നുന്നില്ല. കാരണം യാത്ര ഇനിയും ബാക്കിയുണ്ട്.
സന്തോഷം കണ്ടെത്തേണ്ടത് പണത്തിലല്ല, നമ്മൾ ചെയ്യുന്ന ജോലിയിലാണ്’ എന്ന് നയന പറയുന്നു. 1997-ൽ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സെയിൽസ് റെപ്രസെന്റേറ്റീവായാണ് നയന തന്റെ തൊഴിൽ ജീവിതം ആരംഭിക്കുന്നത്.
ഫാർമസി ബിരുദധാരിയായ ഇവർക്ക് അതിനുവേണ്ട യോഗ്യതകളും ലൈസൻസുകളും ഉണ്ടായിരുന്നു.
ഭർത്താവിന് ലഭിച്ച ഒരു ഡീലർഷിപ്പ്, നയനയുടെ പ്രൊഫഷണൽ യോഗ്യത കൂടി ഉപയോഗപ്പെടുത്തി ഇരുവരും ചേർന്ന് ഏറ്റെടുത്തതോടെയാണ് സംരംഭകത്വത്തിലേക്കുള്ള വഴി തെളിഞ്ഞത്. പിന്നീട് ഭർത്താവ് മറ്റൊരു ബിസിനസ് മേഖലയിലേക്ക് മാറിയപ്പോൾ, നയന പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.
ഇന്ന് ഓങ്കോളജി, സർജിക്കൽ ഉൽപ്പന്ന വിതരണ രംഗത്ത് മുൻനിരയിലുള്ള കമ്പനിയാണ് ഓം സായി സർജിക്കൽസ്. ‘വർഷങ്ങൾക്കൊണ്ട് നിരവധി മൾട്ടിനാഷണൽ കമ്പനികളുടെ വിശ്വസ്തരായ ചാനൽ പാർട്ണറാകാൻ ഞങ്ങൾക്ക് സാധിച്ചു.
ആശുപത്രികൾക്ക് ഏറ്റവും മികച്ച ഹെൽത്ത് കെയർ സേവനങ്ങൾ എത്തിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’ എന്ന് അവർ കൂട്ടിച്ചേർത്തു. തന്റെ ആസ്തിയെക്കുറിച്ച് കൃത്യമായ കണക്കുകൾ നയന വെളിപ്പെടുത്തിയില്ലെങ്കിലും, 2010-ൽ ആദ്യമായി ഒരു കോടി രൂപ വരുമാനം നേടാൻ സാധിച്ചതായി അവർ പറഞ്ഞു.
സ്വന്തം അധ്വാനത്തിലൂടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും മക്കൾക്ക് മികച്ച വിദ്യാഭ്യാസവും ഉറപ്പാക്കാൻ നയനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
നിലവിൽ വാടക വരുമാനവും നിക്ഷേപങ്ങളും ഇവർക്കുണ്ട്. 2019-ൽ ഹോം ലോണിലൂടെ വാങ്ങിയ വസതിക്ക് നിലവിൽ ഏകദേശം 4 കോടി രൂപയോളം മൂല്യമുണ്ടെന്നും അവർ സൂചിപ്പിച്ചു.
പണത്തേക്കാൾ ഉപരി, ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥതയാണ് തന്നെ ഈ വിജയത്തിലെത്തിച്ചതെന്ന് നയന വൈദ്യ ഉറപ്പിച്ചു പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

