ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കഴിഞ്ഞ മാസം 23-ന് കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നു പറന്ന സംഭവത്തിൽ കോസ്റ്റ്ഗാർഡിന്റെ ആഭ്യന്തര അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നെടുമ്പാശേരി വിമാനത്താവളത്തിലെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഭക്തിയാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ആകാശത്തുനിന്ന് അയ്യപ്പനെ തൊഴുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ ഹെലികോപ്റ്റർ നിയന്ത്രിച്ചത്. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കപ്പെട്ട
ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഹെലികോപ്റ്റർ താഴ്ത്തി പറത്തിയതിന് അച്ചടക്ക നടപടിയുടെ ഭാഗമായി ഉദ്യോഗസ്ഥനെ നെടുമ്പാശേരിയിലെ ചുമതലയിൽനിന്ന് നീക്കം ചെയ്തു. ഇദ്ദേഹത്തെ കൊച്ചിയിലെ കോസ്റ്റ്ഗാർഡ് മേഖലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
ഹെലികോപ്റ്റർ പൈലറ്റ് കൂടിയായ ഈ ഉദ്യോഗസ്ഥനും സഹ പൈലറ്റും ക്യാമറ ക്രൂവും ഉൾപ്പെടെ മൂന്നു പേരായിരുന്നു സംഭവസമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. മുൻകാലങ്ങളിലും ഇതേ ഉദ്യോഗസ്ഥൻ ശബരിമലയിലേക്കും ഗുരുവായൂരിലേക്കും കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററിൽ യാത്ര ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ കാലാവസ്ഥ മോശമായതിനെത്തുടർന്ന് വഴി തെറ്റിയതാണ് സംഭവത്തിന് കാരണമായതെന്നായിരുന്നു കോസ്റ്റ്ഗാർഡ് നൽകിയിരുന്ന വിശദീകരണം. എന്നാൽ ആഭ്യന്തര അന്വേഷണത്തിൽ ഈ വാദം തെറ്റാണെന്ന് തെളിയുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

