തിരുവനന്തപുരം–ഡൽഹി രാജധാനി എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിൽ ലഗേജുകൾ പൂർണമായും നഷ്ടപ്പെട്ട യാത്രക്കാരോട് റെയിൽവേ അധികൃതർ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നതായി പരാതി.
ദുരന്തത്തിൽ സർവ്വസ്വവും നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരത്തിന് നടപടിയെടുക്കുന്നതിന് പകരം 5,000 രൂപ വീതം മാത്രം നൽകി മടക്കി അയച്ചതായാണ് ആക്ഷേപം. സംഭവത്തിൽ മലയാളികളായ എം.അഭിലാഷ്, എ.അഭിജിത്ത്, മേരി സീന എന്നിവരടക്കം 35 ഓളം പേർ രാജസ്ഥാനിലെ കോട്ട
സ്റ്റേഷനിൽ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചില്ല. നാശനഷ്ടങ്ങളുടെ വിവരങ്ങൾ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയിക്കണമെന്ന നിർദേശമാണ് ഇവർക്ക് ലഭിച്ചത്.
പഞ്ചാബിൽ സേവനമനുഷ്ഠിക്കുന്ന കൊല്ലം ചവറ സ്വദേശി എം.അഭിലാഷ് സഞ്ചരിച്ചിരുന്നത് തീപിടിത്തം ഉണ്ടായ ബി–1 കോച്ചിലായിരുന്നു. അപകടത്തെക്കുറിച്ച് അഭിലാഷ് പറയുന്നത് ഇങ്ങനെ: ‘കുട്ടികളുടെ കരച്ചിൽ കേട്ടാണ് ഉറക്കമുണർന്നത്.
കോച്ചിലാകെ പുക. ഫോൺ മാത്രമെടുത്ത് ചെരിപ്പുപോലുമില്ലാതെ പുറത്തേക്കോടുമ്പോൾ ടോയ്ലറ്റിനടുത്തിരുന്നു കരയുന്ന ഒരു കുഞ്ഞിനെക്കണ്ടു.
അതിനെയുമെടുത്ത് ചാടിയിറങ്ങി, നിമിഷങ്ങൾക്കകം കോച്ച് പൂർണമായും കത്തി. ചുറ്റും കൃഷിപ്പാടം.
അഗ്നിക്ഷാസേനയെത്താൻ ഒന്നര മണിക്കൂറെടുത്തു. കോട്ട
സ്റ്റേഷനിലെത്തിയശേഷം ഏതോ രാഷ്്ട്രീയ പാർട്ടിക്കാരെത്തി ഞങ്ങൾക്ക് ഓരോ ജോഡി ചെരിപ്പു വാങ്ങിത്തന്നു.’ ബി–2 കോച്ചിലുണ്ടായിരുന്ന കൊല്ലം പുത്തൂർ പഴയചിറ സ്വദേശി ലിനു പാപ്പച്ചന്റെ അഭിപ്രായത്തിൽ, ട്രെയിനിൽ ഉണർന്നിരുന്നവർ തീ ശ്രദ്ധിക്കുകയും ബഹളം വെക്കുകയും ചെയ്തതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. കരസേനയിൽ ഹവിൽദാറായ ലിനു അവധി കഴിഞ്ഞ് പഞ്ചാബിലെ ജോലിസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു.
ബി–4 കോച്ചിലുണ്ടായിരുന്ന കൊല്ലം നെടിയവിള സ്വദേശി ഹവിൽദാർ സനു എൽ.രാജ് പറയുന്നത്, കോച്ച് അറ്റൻഡറുടെ നിർദേശപ്രകാരമാണ് യാത്രക്കാരെ ഉണർത്തിയതെന്നാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും അവധി കഴിഞ്ഞ് മടങ്ങുന്നവരുമായ ഒട്ടേറെ സൈനികർ ട്രെയിനിലുണ്ടായിരുന്നു.
സംഭവത്തെത്തുടർന്ന് ഇന്നലെ ജോലിയിൽ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്ന ലിനു ഉൾപ്പെടെയുള്ള സൈനികർക്ക് തങ്ങളുടെ യൂണിറ്റുകളിൽ വിവരമറിയിച്ച് റിപ്പോർട്ടിങ് തീയതി നീട്ടിവെക്കേണ്ടി വന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

