ചേർത്തല നഗരസഭയിലെ കുറുപ്പംകുളങ്ങര ചേപ്പിലപൊഴിയിൽ താമസിക്കുന്ന രഞ്ജിത്തിന്റെ മകൾ അനീന, എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി മികച്ച വിജയം നേടി. ശാരീരികവും സാമ്പത്തികവുമായ കടുത്ത പ്രതിസന്ധികൾക്കിടയിലാണ് അനീന ഈ നേട്ടം കൈവരിച്ചത്.
നാല് വർഷം മുൻപ് ബസ് ഡ്രൈവറായി ജോലി ചെയ്യവേ രഞ്ജിത്തിന് പക്ഷാഘാതം സംഭവിക്കുകയായിരുന്നു. തുടർചികിത്സയ്ക്കിടെ പ്രമേഹം മൂർച്ഛിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഇരുകാലുകളും മുട്ടിനു മുകളിൽ വെച്ച് മുറിച്ചുമാറ്റേണ്ടി വന്നു.
ഇതോടെ രഞ്ജിത്തിന്റെ ലോകം വീടിന്റെ നാല് ചുവരുകൾക്കുള്ളിലേക്ക് ചുരുങ്ങി. ലൈഫ് ഭവന പദ്ധതി പ്രകാരം ആരംഭിച്ച വീട് നിർമാണം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്.
ഇത്തരം വലിയ പ്രതിസന്ധികൾക്കിടയിലും മകളുടെ വിദ്യാഭ്യാസം മുടങ്ങാതെ നോക്കാൻ രഞ്ജിത്തും ഭാര്യ സിജിയും അതീവ ശ്രദ്ധ പുലർത്തിയിരുന്നു. പിതാവിനെ പരിചരിക്കുന്നതിനൊപ്പം തന്നെ പഠനത്തിലും മികവ് പുലർത്തിയ അനീന, താൻ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുമെന്ന് പിതാവിന് വാക്ക് നൽകിയിരുന്നു.
അധ്യാപകരുടെ പിന്തുണയും തനിക്ക് കരുത്തായെന്ന് അനീന പറഞ്ഞു. പ്ലസ്ടുവിന് ബയോസയൻസ് എടുത്ത് പഠിച്ച്, ഭാവിയിൽ നാവിക സേനയിൽ ഡോക്ടറാകാനാണ് അനീനയുടെ ആഗ്രഹം.
അനീനയുടെ ആഗ്രഹം പോലെ തന്നെ ഉന്നത പഠനം സാധ്യമാക്കണമെന്നതാണ് രഞ്ജിത്തിന്റെ ആഗ്രഹം. അനീനയുടെ സഹോദരി അനീര ബിരുദ പഠനം പൂർത്തിയാക്കിയിട്ടുണ്ട്.
അനീനയുടെ ഉജ്ജ്വല നേട്ടത്തെ അഭിനന്ദിക്കാനായി വാർഡ് കൗൺസിലർ ബി. ഭാസി ഉൾപ്പെടെയുള്ളവർ വീട്ടിലെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

