ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത മാമ്പഴങ്ങൾ കഴിഞ്ഞ വർഷം വിമാനത്താവളങ്ങളിൽ വെച്ച് നശിപ്പിക്കേണ്ടി വന്ന സാഹചര്യം വലിയ സാമ്പത്തിക നഷ്ടത്തിന് വഴിവെച്ചിരുന്നു. സാൻ ഫ്രാൻസിസ്കോ, അറ്റ്ലാന്റ, ലൊസാഞ്ചലസ് വിമാനത്താവളങ്ങളിൽ എത്തിയ 15 ലോഡ് മാമ്പഴങ്ങളാണ് സാങ്കേതിക തകരാറുകൾ മൂലം നശിപ്പിക്കേണ്ടി വന്നത്.
ഏകദേശം 5 ലക്ഷം ഡോളറിന്റെ (4.25 കോടി രൂപ) നഷ്ടമാണ് അന്ന് കയറ്റുമതിക്കാർക്ക് നേരിടേണ്ടി വന്നത്. എന്നാൽ, കൃത്യം ഒരു വർഷത്തിന് ശേഷം ഇപ്പോൾ സ്ഥിതിഗതികൾ മാറിമറിയുകയും, അമേരിക്കൻ വിപണിയിൽ ഇന്ത്യൻ മാമ്പഴങ്ങൾ വീണ്ടും സജീവമാവുകയും ചെയ്തിരിക്കുന്നു.
സിയാറ്റിലിലെ വിപണികളിൽ അൽഫോൻസോ, കേസർ മാമ്പഴങ്ങൾ എത്തിയതോടെ യുഎസ് മാധ്യമങ്ങൾ ഈ വാർത്ത വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്യുന്നത്. സിയാറ്റിലിലെ ഇന്ത്യൻ കോൺസുൽ ജനറൽ പ്രകാശ് ഗുപ്ത ഇതിനെ ‘മാമ്പഴ നയതന്ത്രം’ എന്നാണ് വിശേഷിപ്പിച്ചത്.
2006ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് ഇന്ത്യ സന്ദർശിച്ചപ്പോൾ ആസ്വദിച്ചു കഴിച്ച അൽഫോൻസോ മാമ്പഴത്തിന്റെ ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു.
ബുഷിന്റെ ആ സന്ദർശനത്തിന് ശേഷമാണ് ഇന്ത്യൻ മാമ്പഴങ്ങൾ അമേരിക്കയിലേക്ക് വൻതോതിൽ എത്തിത്തുടങ്ങിയത്. കഴിഞ്ഞ വർഷം നേരിട്ട
പ്രതിസന്ധിക്ക് കാരണം യുഎസ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്ന് കയറ്റുമതിക്കാർ ചൂണ്ടിക്കാട്ടുന്നു. മുംബൈയിൽ 2025 മേയ് 8, 9 തീയതികളിൽ ഇറേഡിയേഷൻ (irradiation) നടപടികൾ പൂർത്തിയാക്കിയ ശേഷമായിരുന്നു കയറ്റുമതി നടത്തിയത്.
യുഎസ് കാർഷിക വകുപ്പിലെ (USDA) ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നടന്ന ഈ പ്രക്രിയയിൽ, അദ്ദേഹം നൽകിയ പിപിക്യു203 (PPQ203) ഫോമിലുണ്ടായ പിഴവാണ് മാമ്പഴങ്ങൾ തടയാൻ കാരണമായതെന്ന് കയറ്റുമതിക്കാർ വ്യക്തമാക്കിയിരുന്നു. അതേസമയം, ആഗോളതലത്തിൽ മാമ്പഴ ഉൽപാദനത്തിൽ ഒന്നാമതാണെങ്കിലും കയറ്റുമതിയിൽ ഇന്ത്യ ഇപ്പോഴും മെക്സിക്കോയ്ക്ക് പിന്നിലാണ്.
നിലവിൽ പ്രതിവർഷം ശരാശരി 32,000 മെട്രിക് ടൺ മാമ്പഴം മാത്രമാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ കീടബാധയും ഉൽപാദനക്കുറവും മൂലം പ്രതിസന്ധി നേരിടുമ്പോൾ, ഇന്ത്യയുടെ ആഭ്യന്തര മാമ്പഴ വിപണി കുതിച്ചുയരുകയാണ്.
27,800 കോടി രൂപയുടെ നിലവിലെ വിപണി മൂല്യം 2030ഓടെ 40,000 കോടി കടക്കുമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഒഡീഷ, ബംഗാൾ, ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നിവയാണ് രാജ്യത്തെ പ്രധാന ഉൽപാദക സംസ്ഥാനങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

