സംസ്ഥാനത്ത് ലഹരിക്കടത്ത് സംഘങ്ങൾ ഉപയോഗിക്കുന്നത് അത്യാധുനികമായ കോഡ് വാക്കുകളെന്ന് അന്വേഷണ റിപ്പോർട്ട്. ‘സ്ലേ’, ‘ലോ കീ’, ‘സേവേജ്’, ‘ചിൽ പിൽ’ തുടങ്ങിയ ന്യൂ ജെൻ പദങ്ങൾ ഉപയോഗിച്ചാണ് ഇവർ ആശയവിനിമയം നടത്തുന്നത്.
ബെംഗളൂരുവിൽ നിന്നു കാരിയർമാർ വഴി എത്തുന്ന ലഹരിമരുന്ന് സുരക്ഷിതമായി കൈപ്പറ്റാൻ, ഈ സംഘം ബെംഗളൂരു മുതൽ ബസിനെ പിന്തുടർന്ന് കാറിൽ സഞ്ചരിക്കാറുണ്ട്. വാട്സാപ് കോളുകൾ വഴി നിരന്തരം ബന്ധപ്പെട്ടാണ് ഇവർ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ബസിനെ പിന്തുടരുന്ന കാറിൽ ലഹരിമരുന്ന് സൂക്ഷിക്കാത്തതിനാൽ, സംശയം തോന്നി പൊലീസ് പരിശോധന നടത്തിയാലും തെളിവ് കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത്തരത്തിൽ മുൻപ് പലതവണ സംഘം പൊലീസിനെ കബളിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
ടൂറിസ്റ്റ് ബസുകളിൽ എത്തുന്ന ലഹരിമരുന്ന് സ്റ്റാൻഡിൽ എത്തും മുൻപേ ഇറക്കി മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ നടത്തിയ കടത്ത് തടഞ്ഞ കസബ പൊലീസ്, ആറു മാസം മുൻപ് കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് അരക്കോടിയിലധികം രൂപയുടെ രാസലഹരിയുമായി നാലുപേരെ പിടികൂടിയിരുന്നു.
ഇതിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിനൊടുവിൽ, രാജ്യവ്യാപകമായി ലഹരിമരുന്ന് വിതരണം ചെയ്യുന്ന നൈജീരിയൻ സ്വദേശി ചുക്വജേക്വ എബെനെസിർ ഉമേഹിനെ (65) ഡൽഹി തിലക് നഗറിൽ നിന്ന് പിടികൂടാൻ പൊലീസിന് സാധിച്ചു. ലഹരി സംഘത്തിന്റെ പ്രവർത്തന രീതികളെക്കുറിച്ച് അന്വേഷണ സംഘം വിശദീകരിക്കുന്നത് ഇങ്ങനെ: കാരിയർമാരുടെ ദൗത്യം വിജയിച്ചാൽ ‘സ്ലേ’ എന്ന് ഇംഗ്ലിഷിൽ സന്ദേശം അയക്കും.
ജെൻസി ഭാഷയിൽ ഇതിന് ‘പൊളിച്ചു’ എന്നാണ് അർഥം. കൂടാതെ, ‘ലോ കീ’ (കുറേശ്ശെ), ‘സേവേജ്’ (കിടിലം), ‘ചിൽ പിൽ’ (ധൃതിപ്പെടാതെ) തുടങ്ങിയ കോഡുകൾ സന്ദർഭത്തിനനുസരിച്ച് ഉപയോഗിക്കുന്നു.
വാട്സാപ് കോളുകളും മെസഞ്ചറും മാത്രം ഉപയോഗിക്കുന്നതിനാൽ ഇവരിലേക്കെത്താൻ അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ അനിവാര്യമാണ്. എടക്കാട്, കണ്ണാടിക്കൽ, പന്തീരാങ്കാവ് എന്നീ പ്രദേശങ്ങളിൽ ലഹരി മാഫിയക്കായി പ്രവർത്തിക്കുന്ന യുവതീയുവാക്കൾ ഉണ്ടെന്ന വിവരവും രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചിട്ടുണ്ട്.
കാരിയർമാരെ പിടികൂടി 180 ദിവസത്തിനകം കുറ്റപത്രം നൽകിയാലും, കോടതി നടപടികൾ വൈകുന്നതിനാൽ ഒരു വർഷത്തിനുള്ളിൽ പ്രതികൾ ജാമ്യം നേടുന്ന പ്രവണതയുണ്ട്. ജാമ്യത്തിലിറങ്ങുന്നവരെ വീണ്ടും ലഹരി മാഫിയ സഹായിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ലഹരി മാഫിയയുടെ കെണിയിൽപ്പെടുന്നവരെ സർക്കാർ സംവിധാനങ്ങളിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും, റസിഡന്റ്സ് അസോസിയേഷനുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പ്രാദേശിക തലത്തിൽ ടാസ്ക്ഫോഴ്സ് രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

