പത്തനംതിട്ടയിൽ ചേർന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനം. തിരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യുന്നതിനായി വിളിച്ചുചേർത്ത യോഗത്തിലാണ് ആഗോള അയ്യപ്പ സംഗമം പാർട്ടിക്കുണ്ടായ വലിയ തിരിച്ചടിയായി മാറിയെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടിയത്.
തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടി നേരിട്ട പ്രതിസന്ധികൾക്ക് ഈ സംഗമം പ്രധാന കാരണമായിട്ടുണ്ട്.
ഇടതുപക്ഷ സർക്കാർ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ പാടില്ലായിരുന്നുവെന്നും, ഇത് പാർട്ടിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് അനുകൂലമായിരുന്ന സാഹചര്യങ്ങളെ ഈ തീരുമാനം പ്രതികൂലമായി ബാധിച്ചുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ഉയർന്ന സ്വർണ്ണക്കൊള്ള ആരോപണത്തിലും യോഗത്തിൽ ശക്തമായ ചോദ്യങ്ങളുയർന്നു.
ഈ വിഷയത്തിൽ പാർട്ടി സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട അംഗങ്ങൾ, ഗുരുതരമായ ആരോപണം ഉയർന്നിട്ടും നേതൃത്വം മൗനം പാലിക്കുന്നത് അണികൾക്കിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
പത്മകുമാറിനെതിരെ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടെങ്കിൽ അത് പത്മകുമാർ എങ്കിലും അറിഞ്ഞോ എന്ന് ചില അംഗങ്ങൾ പരിഹാസരൂപേണ ചോദിച്ചു. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെയും സർക്കാർ നിലപാടുകൾക്കെതിരെയും താഴെത്തട്ടിലുള്ള പ്രവർത്തകരും നേതാക്കളും പരസ്യമായി രംഗത്തുവരുന്നത് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണെന്നാണ് വിലയിരുത്തൽ.
വിഷയങ്ങളിൽ തുറന്ന ചർച്ചകൾ ആകണമെന്നും പറയാനുള്ള കാര്യങ്ങൾ മുഖംനോക്കാതെ പറയണമെന്നുമാണ് സി.പി.എം സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

