വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ജനനനിരക്കിലുണ്ടായ കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പുതിയ നടപടികളിലേക്ക്. കുടുംബങ്ങളിൽ രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു.
ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. “മക്കൾ നമ്മുടെ സമ്പാദ്യമാണ്” എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതാണ് എല്ലാ കുടുംബങ്ങൾക്കും നൽകാനുള്ള സന്ദേശമെന്നും കൂട്ടിച്ചേർത്തു.
സർക്കാരിന്റെ പ്രഖ്യാപനമനുസരിച്ച്, മൂന്നാമത്തെ കുട്ടി ജനിക്കുമ്പോൾ 30,000 രൂപയും നാലാമത്തെ കുട്ടി ജനിക്കുമ്പോൾ 40,000 രൂപയും ധനസഹായമായി കുടുംബങ്ങൾക്ക് ലഭിക്കും. സംസ്ഥാനത്തെ ജനസംഖ്യാ ഘടനയിൽ വരാനിരിക്കുന്ന വെല്ലുവിളികൾ മുൻകൂട്ടി കണ്ടാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ മാർച്ച് അഞ്ചിന് സംസ്ഥാന സർക്കാരിന്റെ പുതിയ ജനസംഖ്യാ നിയന്ത്രണ നയത്തിന്റെ കരടുരേഖ ചന്ദ്രബാബു നായിഡു നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. പരമ്പരാഗത കുടുംബസൂത്രണ രീതിയിൽ നിന്ന് ജനസംഖ്യാ സംരക്ഷണത്തിലേക്കുള്ള മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി നേരത്തെ തന്നെ രണ്ടോ അതിലധികമോ മക്കളുള്ള കുടുംബങ്ങൾക്ക് പ്രസവസമയത്ത് 25,000 രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ മൂന്നാമത്തെ കുട്ടിക്ക് അഞ്ച് വയസ്സാകുന്നത് വരെ പോഷകാഹാര പിന്തുണയ്ക്കായി പ്രതിമാസം 1000 രൂപ വീതം നൽകാനും, അമ്മയ്ക്ക് 12 മാസത്തെയും അച്ഛന് രണ്ട് മാസത്തെയും പ്രസവാവധി നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്തെ മൊത്തം ജനന നിരക്ക് 1.5 ആയി കുറഞ്ഞതായും മുഖ്യമന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അധ്വാനശേഷിയുള്ള ജനവിഭാഗത്തിന്റെ എണ്ണം കുറയുന്നത് സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2023-ൽ സംസ്ഥാനത്ത് 6,70,000 കുട്ടികളാണ് ജനിച്ചത്. ഈ നില തുടർന്നാൽ 2047-ഓടെ സംസ്ഥാന ജനസംഖ്യയുടെ 23 ശതമാനവും വയോജനങ്ങളായി മാറാൻ സാധ്യതയുണ്ടെന്നും സർക്കാർ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

