നൂറ്റാണ്ടുകൾ പഴക്കമുള്ള ചോള കാലഘട്ടത്തിലെ ചെമ്പോലകൾ നെതർലൻഡ്സ് ഇന്ത്യയ്ക്ക് തിരികെ നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ, നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ചരിത്രപ്രധാനമായ ഈ മടങ്ങിവരവ് നടന്നത്.
‘ലൈഡൻ പ്ലേറ്റുകൾ’ എന്നറിയപ്പെടുന്ന ‘ആനൈമംഗലം ചെമ്പോലകൾ’ കേന്ദ്രസർക്കാരിന്റെ ദീർഘകാല നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചു: “A joyous moment for every Indian!
Chola Copper Plates dating back to the 11th Century will be repatriated to India from the Netherlands. Took part in the ceremony for the same in the presence of Prime Minister Rob Jetten.
The Chola Copper Plates are a set of 21 large plates…” 21 വലിയ ഫലകങ്ങളും 3 ചെറിയ ഫലകങ്ങളും അടങ്ങുന്നതാണ് ഈ ശേഖരം. ലോകത്തിലെ ഏറ്റവും മനോഹരമായ ഭാഷകളിലൊന്നായ തമിഴിലുള്ള എഴുത്തുകളാണ് ഇവയിൽ ഭൂരിഭാഗവുമുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജേന്ദ്ര ചോഴൻ ഒന്നാമൻ, പിതാവായ രാജരാജ ചോഴൻ ഒന്നാമന്റെ വാക്കാലുള്ള ഉറപ്പിന് ഔദ്യോഗിക രൂപം നൽകിയതുമായി ബന്ധപ്പെട്ടതാണ് ഈ രേഖകൾ. ചോള രാജവംശത്തിന്റെ സാംസ്കാരികവും നാവികവുമായ കരുത്ത് വിളിച്ചോതുന്ന ഇവ, ഇന്ത്യക്ക് പുറത്ത് സംരക്ഷിക്കപ്പെട്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട
ചരിത്രരേഖകളായാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 30 കിലോ ഭാരമുള്ള ഈ ചെമ്പോലകൾ ചോള രാജമുദ്ര പതിച്ച വെങ്കല വളയത്തിലാണ് കോർത്തിരിക്കുന്നത്.
സംസ്കൃതത്തിലും തമിഴിലുമായാണ് ഇതിലെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. 18-ാം നൂറ്റാണ്ടിൽ നാഗപട്ടണത്തുനിന്ന് ഫ്ലോറൻഷ്യസ് കാമ്പർ എന്ന ക്രിസ്ത്യൻ മിഷനറിയാണ് ഇവ നെതർലൻഡ്സിലേക്ക് കൊണ്ടുപോയത്.
പിന്നീട് ലൈഡൻ യൂണിവേഴ്സിറ്റിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പുരാവസ്തുക്കൾ തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട
അന്താരാഷ്ട്ര സമിതിയുടെ ഇടപെടലുകളും ഉഭയകക്ഷി ചർച്ചകളും ഈ കൈമാറ്റത്തിന് വഴിയൊരുക്കി. ചരിത്രരേഖകൾ തിരിച്ചേൽപിച്ച നെതർലൻഡ്സ് സർക്കാരിനും ലൈഡൻ സർവകലാശാലയ്ക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.
യുഎഇ സന്ദർശനം പൂർത്തിയാക്കി നെതർലൻഡ്സിലെത്തിയ പ്രധാനമന്ത്രി, തുടർന്ന് സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളും സന്ദർശിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

