നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ച നിർണ്ണായക വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പരീക്ഷാ നടത്തിപ്പിലെ ഗുരുതരമായ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അടിയന്തരമായി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് രാജസ്ഥാനിലെ സിക്കറിൽ പ്രദീപ് മേഘ്വാൾ എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. “വിദ്യാർത്ഥികളെ കൊല ചെയ്തത് സർക്കാരാണ്” എന്ന് രൂക്ഷമായ ഭാഷയിൽ വിമർശിച്ച അദ്ദേഹം, ഈ വിഷയം പാർലമെന്റിൽ ഉൾപ്പെടെ ശക്തമായി ഉന്നയിക്കുമെന്നും വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കാൻ പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്നും വ്യക്തമാക്കി.
അതേസമയം, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ദേശീയ പരീക്ഷ ഏജൻസിയും (എൻ.ടി.എ) കടുത്ത പ്രതിരോധത്തിലാണ്. ചോദ്യപേപ്പർ തയ്യാറാക്കാൻ എൻ.ടി.എ നിയോഗിച്ച പാനലിലെ രസതന്ത്ര അധ്യാപകൻ പി.വി.
കുൽക്കർണി, ബയോളജി അധ്യാപിക മനീഷാ ഗുരുനാഥ് എന്നിവർ അറസ്റ്റിലായത് എൻ.ടി.എയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. സുവോളജി, ബോട്ടണി പേപ്പറുകൾ തയ്യാറാക്കിയ സംഘത്തിലെ അംഗമാണ് മനീഷാ ഗുരുനാഥ്.
പൂനെ, നാസിക് എന്നിവിടങ്ങളിൽ നേരത്തെ അറസ്റ്റിലായ പ്രതികൾക്ക് ഇവർ ചോദ്യപേപ്പർ ചോർത്തി നൽകിയെന്ന് സി.ബി.ഐ കണ്ടെത്തി. കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ചോദ്യപേപ്പർ പരിഭാഷപ്പെടുത്തിയവരെയും ചില കോച്ചിംഗ് സെന്ററുകളെയും കേന്ദ്രീകരിച്ചാണ് സി.ബി.ഐ പരിശോധന. കേരളത്തിലെ പത്തനംതിട്ടയിലെ വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന ഇന്റലിജൻസും അന്വേഷണം നടത്തിയിരുന്നു.
വിവാദങ്ങൾക്കിടെ എൻ.ടി.എയുടെ ഘടനയിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി രണ്ട് ജോയിന്റ് സെക്രട്ടറിമാരെയും രണ്ട് ജോയിന്റ് ഡയറക്ടർമാരെയും കേന്ദ്രം പുതുതായി നിയമിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

