ആൻഡ്രോയിഡ് ഫോണുകളിലെ നിർമ്മിത ബുദ്ധി അധിഷ്ഠിത സേവനമായ ‘എഐ കോർ’ (AICore) വലിയ തോതിൽ സ്റ്റോറേജ് ഉപയോഗപ്പെടുത്തുന്നത് ഉപയോക്താക്കൾക്കിടയിൽ ആശങ്കയാകുന്നു. സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള എഐ ഫീച്ചറുകൾ ഫോണുകളിൽ തന്നെ പ്രവർത്തിപ്പിക്കാൻ ഗൂഗിൾ ലക്ഷ്യമിടുമ്പോൾ, അത് ഫോൺ മെമ്മറിയെ കാര്യമായി ബാധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ചില ആൻഡ്രോയിഡ് ഫോണുകളിൽ ‘എഐ കോർ’ മാത്രം 10 ജിബിയിലധികം സ്റ്റോറേജ് ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. ഇതിനെത്തുടർന്ന് പുതിയ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു.
സിസ്റ്റം അപ്ഡേറ്റുകളുടെ ഭാഗമായി പഴയതും പുതിയതുമായ എഐ മോഡലുകൾ ഒരേസമയം ഫോണിൽ നിലനിർത്തുന്നതാണ് സ്റ്റോറേജ് പെട്ടെന്ന് കുറയാൻ കാരണമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചാൽ പഴയ പതിപ്പിലേക്ക് മടങ്ങാൻ ഈ സംവിധാനം സഹായിക്കുമെങ്കിലും, ഇത് ഉപയോക്താക്കളുടെ ലഭ്യമായ മെമ്മറിയെ വല്ലാതെ ചുരുക്കുന്നു.
128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഫോണുകൾക്ക് ഇത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഫോർമാറ്റ് ചെയ്തുകഴിയുമ്പോൾ ലഭ്യമാകുന്ന ഏകദേശം 119 ജിബിയിൽ, ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ 20 ജിബി എടുക്കുന്നു.
ഇതിനൊപ്പം എഐ മോഡലുകളുടെ പ്രവർത്തനത്തിനായി 10 ജിബിയോളം കൂടി നഷ്ടപ്പെടുന്നതോടെ, ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കാൻ വളരെ കുറഞ്ഞ സ്ഥലം മാത്രമേ ഉപയോക്താക്കൾക്ക് ലഭിക്കുന്നുള്ളൂ. ആധുനിക സ്മാർട്ട്ഫോണുകളിൽ ഹൈ-ക്വാളിറ്റി ഫോട്ടോകൾക്കും വീഡിയോകൾക്കും അമിത സ്റ്റോറേജ് ആവശ്യമായി വരുന്നുണ്ട്.
എന്നാൽ പല നിർമ്മാതാക്കളും ഇപ്പോഴും 128 ജിബി ബേസ് മോഡലുകൾ വിപണിയിലിറക്കുന്നത് ലാഭകരമായ വിപണന തന്ത്രമാണെന്ന വിമർശനവുമുണ്ട്. ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികൾ ഇതിനകം തന്നെ 256 ജിബിയിലേക്ക് മാറിയിട്ടുണ്ടെങ്കിലും, പല മുൻനിര ഫോണുകളും ഇന്നും 128 ജിബിയിൽ തന്നെ തുടരുന്നത് ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നു.
എഐ സാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തോടെ 128 ജിബി എന്ന സ്റ്റോറേജ് ശേഷി കാലഹരണപ്പെട്ടുവെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

