തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ചികിത്സാ സഹായം എന്ന പേരിൽ സംഘടിപ്പിക്കുന്ന ഗാനമേളകളിലെ ശബ്ദലഭ്യത നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. അനുവദനീയമായ ഡെസിബെൽ പരിധി ലംഘിക്കുന്നുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് നിർദ്ദേശം.
ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസറും ആവശ്യമായ നിയമനടപടികൾ കൈക്കൊള്ളണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. ബസ് സ്റ്റാൻഡ് പരിസരത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനും യാചക നിരോധന ബോർഡുകൾ സ്ഥാപിക്കുന്നതിനും തൊടുപുഴ നഗരസഭാ സെക്രട്ടറിയോട് കമ്മീഷൻ നിർദ്ദേശിച്ചു.
ചികിത്സാ സഹായത്തിന്റെ പേരിൽ അനുമതിയില്ലാതെ സ്പീക്കറുകൾ ഉപയോഗിച്ച് ഗാനമേളകൾ നടത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കുടയത്തൂർ സ്വദേശി ഡെന്നീസ് എബ്രഹാം നൽകിയ പരാതിയിലാണ് ഈ നടപടി. പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൊടുപുഴ ഡിവൈഎസ്പിക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ പോലീസ് എയ്ഡ് പോസ്റ്റുകളിൽ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും, മേഖലയിൽ പോലീസ് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചികിത്സാ സഹായത്തിനായി ഉപയോഗിക്കുന്ന മൈക്കുകൾ 50 ഡെസിബെല്ലിൽ താഴെ ശബ്ദത്തിൽ പ്രവർത്തിക്കുന്നവയാണെന്ന് അധികൃതർ അറിയിച്ചു.
വ്യക്തമായ പരാതി ലഭിക്കുകയാണെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

