കാസർകോട് ചെറുവത്തൂർ മട്ടലായിയിൽ ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ട സംഭവത്തിൽ കാസർകോട് കലക്ടർ അർജുൻ പാണ്ഡ്യൻ നിയോഗിച്ച അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു.
കാഞ്ഞങ്ങാട് ആർഡിഒ കെ.ആർ.മനോജിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് പരിശോധന നടത്തി റിപ്പോർട്ട് നൽകിയത്. റവന്യു ഡിവിഷനൽ ഓഫിസർ കൺവീനറായും, തഹസിൽദാർ, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, ആർടിഒ, ചെറുവത്തൂർ പഞ്ചായത്ത് സെക്രട്ടറി, സോയിൽ കൺസർവേറ്റർ, ജിയോളജിസ്റ്റ്, ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ, ജില്ലാ പൊലീസ് മേധാവിയുടെ പ്രതിനിധി എന്നിവർ അംഗങ്ങളുമായ സമിതിയാണ് അന്വേഷണം പൂർത്തിയാക്കിയത്.
ദേശീയപാത അതോറിറ്റിയുമായി ഏകോപിപ്പിച്ച് നിർമാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കാഞ്ഞങ്ങാട് ആർഡിഒയെ ചുമതലപ്പെടുത്തി. കാലവർഷത്തിൽ ദുരന്തം ഒഴിവാക്കുന്നതിനായി അടിയന്തരവും കർശനവുമായ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ദേശീയപാത അതോറിറ്റിക്ക് കലക്ടർ നിർദേശം നൽകി.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾക്കായി സംസ്ഥാന സർക്കാരിന് സമർപ്പിക്കും. വിള്ളൽ ഉണ്ടായ സ്ഥലത്ത് ഡ്രെയ്നേജ് സംവിധാനം അടിയന്തരമായി പൂർത്തിയാക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
നിലവിൽ നീരൊഴുക്ക് ശക്തമായാൽ മഴവെള്ളം ഒഴിഞ്ഞുപോകാത്ത സാഹചര്യമാണുള്ളത്. ദേശീയപാത അതോറിറ്റിയുടെ വിദഗ്ധരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമെ ഇനി നിർമാണം നടത്താവൂ എന്ന് സമിതി കണിശമായി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, മട്ടലായിയിൽ വിള്ളൽ നികത്തി പുതുക്കി പണിത പാതയിൽ വീണ്ടും വിള്ളൽ രൂപപ്പെട്ടത് ആശങ്ക വർധിപ്പിക്കുന്നു. ഏകദേശം 75 മീറ്ററോളം ദൂരത്തിൽ വിള്ളൽ വീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.
നേരത്തെ 100 മീറ്റർ നീളത്തിൽ വിള്ളൽ അനുഭവപ്പെട്ട സ്ഥലത്ത് മണ്ണെടുത്ത് മാറ്റി ടാറിങ് പൂർത്തിയാക്കിയെങ്കിലും, ശക്തമായ മഴയിൽ റോഡ് വീണ്ടും പിളരുകയായിരുന്നു.
പഴയ പാത പാറയിലാണെങ്കിൽ പുതിയ പാത മണ്ണിട്ട് നികത്തി നിർമിച്ചതാണെന്നും, മണ്ണിന്റെ ഘടനയിലുള്ള വ്യത്യാസമാണ് വിള്ളലിന് കാരണമെന്നുമാണ് കരാർ കമ്പനി അധികൃതരുടെ വിശദീകരണം. ഭോപ്പാലിൽ നിന്നുള്ള കരാർ കമ്പനിയുടെ ഡിസൈനർ സംഘം അടുത്തദിവസം സ്ഥലത്തെത്തി പരിശോധന നടത്തും.
ഇവരുടെ നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കാനാണ് കമ്പനിയുടെ തീരുമാനം. വിള്ളൽ മറച്ചുവെക്കാൻ നിർമാണ വാഹനങ്ങൾ ബോധപൂർവം നിർത്തിയിട്ടതായി നാട്ടുകാർ ആരോപണമുന്നയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

