കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ രണ്ടര വർഷത്തിനിടെ ലഹരിമരുന്ന് വിൽപനയുമായും കടത്തുമായും ബന്ധപ്പെട്ട് അയ്യായിരത്തിൽ താഴെ പ്രതികളെ മാത്രമാണ് പൊലീസും എക്സൈസും ചേർന്ന് പിടികൂടിയത്. വൻതോതിൽ രാസലഹരി പിടികൂടുമ്പോൾ തുടരന്വേഷണം നടത്തുമെന്ന് അധികൃതർ ഉറപ്പുനൽകുന്നുണ്ടെങ്കിലും, ബെംഗളൂരു, ഗോവ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ പോയി പ്രതികളെ പിടികൂടിയ സംഭവങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമാണ്.
കേസിൽ ഉൾപ്പെടുന്ന പലരും നിയമപരമായ പഴുതുകൾ ഉപയോഗപ്പെടുത്തി ജാമ്യത്തിലിറങ്ങുകയാണ് പതിവ്. ആറു മാസം മുൻപ് പൊലീസ് ആരംഭിച്ച രാഹസലഹരി ‘ഹണ്ടിങ്’ സജീവമായതോടെ, ലഹരി മാഫിയ തങ്ങളുടെ പ്രവർത്തനരീതിയിൽ പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ജില്ലയിലെ 20നും 24നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ഏജന്റുമാർ വഴി കണ്ടെത്തി ലഹരിക്കടത്തിനുള്ള കാരിയർമാരായി ഉപയോഗിക്കുകയാണ് ഇപ്പോൾ സംഘം ചെയ്യുന്നത്. കാറുകളിലോ ട്രെയിനുകളിലോ ബസുകളിലോ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന പ്രതീതി സൃഷ്ടിച്ച് പൊലീസ് പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനാണ് പെൺകുട്ടികളെ മുൻസീറ്റിലിരുത്തി യാത്ര ചെയ്യുന്നത്.
ബെംഗളൂരുവിൽ എത്തിയ ശേഷം വാട്സാപ് കോളുകൾ വഴി നിർദേശങ്ങൾ നൽകിയാണ് ലഹരി സംഘം ഇവരെ നിയന്ത്രിക്കുന്നത്. ജില്ലയിൽ എത്തിയ ശേഷം ആളൊഴിഞ്ഞ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ ഇറങ്ങുന്ന പെൺകുട്ടികൾ, ലഹരിമരുന്ന് പാക്കറ്റുകൾ പരിസരത്തെ കുറ്റിക്കാട്ടിലോ മറ്റോ ഒളിപ്പിച്ച് അതിന്റെ ലൊക്കേഷൻ മാപ്പും ഫോട്ടോയും ലഹരി സംഘത്തിന് അയച്ചുകൊടുക്കുന്നു.
തുടർന്ന് സംഘം എത്തി ഈ പാക്കറ്റുകൾ ശേഖരിക്കുകയും വിതരണക്കാർക്ക് കൈമാറുകയും ചെയ്യുന്നു. ഈ രീതിയിൽ പ്രവർത്തിച്ചതിനാണ് ഇരിങ്ങാടൻപള്ളിക്ക് സമീപം യുവതിയടക്കം മൂന്നുപേരെ കഴിഞ്ഞ മാസം 108 ഗ്രാം എംഡിഎംഎയുമായി ചേവായൂർ പൊലീസ് പിടികൂടിയത്.
അതേസമയം, ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലര മാസത്തിനിടെ 54 പ്രതികളെ പിടികൂടിയിട്ടും തുടരന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാണ്. ലോക്കൽ പൊലീസിന്റെ ദൈനംദിന ജോലികളുടെയും സേനാംഗങ്ങളുടെ കുറവിന്റെയും പേരിൽ അന്വേഷണം പാതിവഴിയിൽ നിലയ്ക്കുകയാണ്.
നർകോട്ടിക് വിഭാഗത്തിൽ ഒരു എസിപി, എസ്ഐ, നാല് പൊലീസുകാർ, 13 ഡാൻസാഫ് അംഗങ്ങൾ എന്നിവർ മാത്രമാണുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 12 പൊലീസുകാരും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനും സ്ഥലത്തുണ്ടാകണമെന്ന നിബന്ധനയും തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പൊലീസ്, എക്സൈസ്, നർകോട്ടിക് വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനത്തിലെ വീഴ്ചകൾ പ്രതികൾക്ക് നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

