കോട്ടയം ചാലുകുന്ന് തുണ്ടിപ്പറമ്പിൽ സ്വദേശി അനുഷ്ക ടി. നൃപൻ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി.
പരീക്ഷാ കാലയളവിൽ നേരിട്ട ഗുരുതരമായ ശാരീരിക പരിക്കുകളെയും വേദനകളെയും അതിജീവിച്ചാണ് ഒമ്പത് വിഷയങ്ങളിൽ എ പ്ലസും ഒരെണ്ണത്തിൽ ബി പ്ലസും എന്ന നേട്ടം അനുഷ്ക സ്വന്തമാക്കിയത്.
കഴിഞ്ഞ മാർച്ച് 30-നായിരുന്നു നിർഭാഗ്യകരമായ സംഭവം. ബയോളജി പരീക്ഷ എഴുതാനായി പിതാവ് തൃപ്തി കെ.
നൃപനൊപ്പം സ്കൂട്ടറിൽ കോട്ടയം സെന്റ് ആൻസ് സ്കൂളിലേക്ക് യാത്ര ചെയ്യവേ, തിരുവാതുക്കൽ വെച്ച് എതിരെ വന്ന കാർ ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ അനുഷ്കയുടെ വലതുകൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ, മുറിവുകൾ വച്ചുകെട്ടിയ നിലയിലാണ് അനുഷ്ക പരീക്ഷാ ഹാളിലെത്തിയത്. അതീവ വേദനയ്ക്കിടയിലും ബയോളജി പരീക്ഷയിൽ എ പ്ലസ് നേടാൻ ഈ മിടുമിക്ക് സാധിച്ചു.
അപകടത്തിൽ പിതാവ് തൃപ്തിക്കും ഗുരുതരമായി പരിക്കേൽക്കുകയും രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനാവുകയും ചെയ്തിരുന്നു. തനിയ്ക്ക് നേരിട്ട
ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും പിതാവിന്റെ ആരോഗ്യസ്ഥിതിയും അനുഷ്കയെ മാനസികമായി തളർത്തി. വലതുകൈയിലെ വിരലിനേറ്റ പരിക്ക് കാരണം പേന പിടിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നെങ്കിലും, വിരലുകൾ ചേർത്തുപിടിക്കാതെയാണ് അനുഷ്ക ഉത്തരങ്ങൾ എഴുതിയത്.
പരീക്ഷാ സമയത്ത് അനുഭവപ്പെട്ട കാഴ്ചക്കുറവും ശാരീരിക ക്ഷീണവും തളർച്ചയുമെല്ലാം അതിജീവിച്ചാണ് ഈ വിജയം.
തോളിലേറ്റ ക്ഷതം ഇപ്പോഴും തുടരുന്നുണ്ടെന്നും അനുഷ്ക വ്യക്തമാക്കി. തുടർചികിത്സയുടെ ഭാഗമായി കഴിഞ്ഞ ദിവസവും അനുഷ്ക ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

