ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് പേസർ അൻഷുൽ കാംബോജ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. ഐപിഎൽ ചരിത്രത്തിൽ തന്നെ നാണക്കേടായി മാറിയ ഒരുപിടി റെക്കോർഡുകൾ ഈ മത്സരത്തിൽ താരത്തിന്റെ പേരിലായി.
ചെന്നൈ പരാജയപ്പെട്ടതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകളും കൂടുതൽ സങ്കീർണ്ണമായി. മത്സരത്തിൽ അൻഷുൽ കാംബോജിന്റെ രണ്ടാം ഓവറിൽ മിച്ചൽ മാർഷും മൂന്നാം ഓവറിൽ നിക്കോളാസ് പുരാനും തുടർച്ചയായി നാലു സിക്സുകൾ വീതം പറത്തി.
ഐപിഎൽ ചരിത്രത്തിലാദ്യമായാണ് ഒരു ബൗളർ തുടർച്ചയായ ഓവറുകളിൽ ഇത്തരത്തിൽ നാലു സിക്സുകൾ വഴങ്ങുന്നത്. കൂടാതെ, ഒരു ഇന്നിംഗ്സിൽ എട്ട് സിക്സറുകൾ വഴങ്ങുന്ന രണ്ടാമത്തെ ബൗളറായും കാംബോജ് മാറി.
മുൻ ഗുജറാത്ത് ടൈറ്റൻസ് താരം യാഷ് ദയാലായിരുന്നു നേരത്തെ ഈ റെക്കോർഡിന് ഉടമ. 2023 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലായിരുന്നു ദയാലിന്റെ ഈ മോശം പ്രകടനം.
ലക്നൗവിനെതിരായ മത്സരത്തിൽ 2.4 ഓവർ എറിഞ്ഞ കാംബോജ് വിക്കറ്റൊന്നും നേടാതെ 63 റൺസാണ് വഴങ്ങിയത്. താരം എറിഞ്ഞ ആകെ 16 പന്തുകളിൽ 11 എണ്ണവും ഫോറോ സിക്സോ ആയി അതിർത്തി കടന്നു (68.75% ബൗണ്ടറി നിരക്ക്).
ഐപിഎൽ ചരിത്രത്തിൽ മൂന്നോ അതിൽ കുറവോ ഓവറുകൾ എറിഞ്ഞ് 60-ലധികം റൺസ് വഴങ്ങുന്ന രണ്ടാമത്തെ ബൗളറാണ് കാംബോജ്. 2025-ൽ ആർസിബിക്കെതിരെ 3 ഓവറിൽ 65 റൺസ് വഴങ്ങിയ ഖലീൽ അഹമ്മദാണ് ഈ പട്ടികയിൽ ഒന്നാമത്.
23.62 എന്ന ഇക്കോണമിയിൽ പന്തെറിഞ്ഞ കാംബോജ്, കുറഞ്ഞത് രണ്ടോ അതിൽ കൂടുതൽ ഓവറുകൾ എറിഞ്ഞ ബൗളർമാരിൽ ഏറ്റവും മോശം ഇക്കോണമിയുള്ള താരമെന്ന റെക്കോർഡും സ്വന്തമാക്കി. വാഷിംഗ്ടൺ സുന്ദറിന്റെ (ഇക്കോണമി 23.00) റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
സീസണിൽ ചെന്നൈയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ബൗളറാണ് കാംബോജ്. 12 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകൾ വീഴ്ത്തിയ താരം വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ്.
ലക്നൗ ഏക്നാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം മിച്ചൽ മാർഷിന്റെ (38 പന്തിൽ 90 റൺസ്) മികവിൽ ലക്നൗ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 16.4 ഓവറിൽ മറികടന്നു. ഈ തോൽവി ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകളെ സാരമായി ബാധിച്ചു.
നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ചെന്നൈ, നെറ്റ് റൺറേറ്റിൽ പിന്നിലായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശേഷിക്കുന്ന മത്സരങ്ങളിൽ വിജയിച്ചാലും മറ്റു ടീമുകളുടെ വിജയപരാജയങ്ങളെ ആശ്രയിച്ചായിരിക്കും ചെന്നൈയുടെ പ്ലേ ഓഫ് പ്രവേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

