ചാലക്കുടി പുഴയ്ക്കു കുറുകെയുള്ള തൃശൂർ ദിശയിലേയ്ക്കുള്ള പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ ഊർജിതമായി നടന്നു വരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാലത്തിന്റെ ഒരു ഭാഗത്തെ നാല് എക്സ്പാൻഷൻ ജോയിന്റുകൾ നീക്കം ചെയ്യുകയും, ഇതിൽ മൂന്നെണ്ണത്തിൽ പുതിയവ ഘടിപ്പിച്ച് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും ചെയ്തു.
ഇടയ്ക്കുണ്ടായ മഴ നിർമ്മാണ പ്രവർത്തനങ്ങളെ ഭാഗികമായി ബാധിച്ചിട്ടുണ്ടെങ്കിലും, ശേഷിക്കുന്ന ജോയിന്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. പാലം പൂർണമായും അടച്ചിടാൻ കരാർ കമ്പനി അനുമതി തേടിയിരുന്നെങ്കിലും, അടിയന്തര സാഹചര്യങ്ങൾ പരിഗണിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെടാതിരിക്കാൻ പകുതി ഭാഗം മാത്രം അടച്ചിടാനാണ് പൊലീസിന്റെ നിർദേശം.
ഇതുപ്രകാരം തിരക്കേറിയ സമയങ്ങളിൽ ബൈക്കുകൾ, ചെറിയ കാറുകൾ, ഓട്ടോറിക്ഷകൾ എന്നിവയെ നിയന്ത്രണങ്ങളോടെ കടത്തിവിടുന്നുണ്ട്. ഇതിനു പുറമെ പാലത്തിന്റെ ബെയറിങ്ങുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികളും നടക്കുന്നു.
തൂണുകളിൽ നിന്ന് സ്പാനുകൾ ജാക്കി ഉപയോഗിച്ചുയർത്തിയാണ് തേയ്മാനം സംഭവിച്ച ബെയറിങ്ങുകൾ മാറ്റി പുതിയവ ഘടിപ്പിക്കുന്നത്. അതീവ സാഹസികമായാണ് തൊഴിലാളികൾ സ്പാനുകൾക്കിടയിൽ നിന്ന് ഈ ദൗത്യം നിർവഹിക്കുന്നത്.
കപ്പിയും കയറും ഉപയോഗിച്ചാണ് ആവശ്യമായ സാമഗ്രികൾ തൂണുകളിലേക്ക് എത്തിക്കുന്നത്. അറ്റകുറ്റപ്പണികൾ മൂലം മുരിങ്ങൂർ ഡിവൈൻനഗർ മേൽപാതയുടെ തൃശൂർ ദിശയിലേക്കുള്ള ഭാഗത്ത് ഇന്നലെ പകൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ, അതായത് ഈ മാസം 28-നകം പ്രവൃത്തികൾ പൂർത്തിയാക്കാനാണ് കരാറുകാർക്ക് അധികൃതർ നൽകിയിരിക്കുന്ന നിർദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

