കാസർകോട് ജില്ലയിൽ കുഴൽക്കിണർ നിർമാണത്തിനായി അനുവദിച്ച അത്യാധുനിക റിഗ് യൂണിറ്റും ജീവനക്കാരും നിലവിൽ കൊല്ലം ജില്ലയിൽ പ്രവർത്തിച്ചു വരികയാണ്. കാസർകോട് ജില്ലാ ഭൂജല വകുപ്പ് യൂണിറ്റിലെ ഉദ്യോഗസ്ഥരും ഡ്രില്ലിങ് ക്രൂ ഉൾപ്പെടെയുള്ള പതിനഞ്ചോളം ജീവനക്കാരും കൊല്ലത്ത് ഈ ദൗത്യത്തിനായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ മാർച്ചിൽ ആയിരത്തിലധികം കിലോമീറ്റർ സഞ്ചരിച്ചാണ് ഇവർ കൊല്ലത്തെത്തിയത്. രണ്ടു ദിവസത്തെ പ്രവൃത്തിയിലൂടെ ഒരു കുഴൽക്കിണർ മാത്രമാണ് ഇവിടെ പൂർത്തീകരിച്ചത്.
അടുത്ത ആഴ്ചയും ഇവർ വീണ്ടും കൊല്ലത്തേക്ക് തിരിക്കേണ്ട അവസ്ഥയിലാണ്.
പഴയ വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കിയതിനെത്തുടർന്ന് ഭൂജല വകുപ്പ് ഘട്ടംഘട്ടമായി വാങ്ങിയ 12 അത്യാധുനിക കുഴൽക്കിണർ നിർമാണ യൂണിറ്റുകളിൽ ഒന്നാണ് കാസർകോടിനായി അനുവദിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കാസർകോട്, കോട്ടയം, കോഴിക്കോട്, എറണാകുളം, പാലക്കാട് ജില്ലകൾക്കായി ഈ യന്ത്രങ്ങൾ വാങ്ങിയത്.
ഇതിനിടെ, പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കഴിഞ്ഞ മാസം 28-ന് സംസ്ഥാന ഭൂജല വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. റിഗ് കൈമാറ്റം, ജീവനക്കാരുടെ പരിശീലനം, സാങ്കേതിക റിപ്പോർട്ടുകൾ സമർപ്പിക്കൽ എന്നിവ സംബന്ധിച്ച് കർശന നിർദേശങ്ങളാണ് ഉത്തരവിലുണ്ടായിരുന്നത്.
എന്നാൽ, ഈ ഉത്തരവുകൾ നടപ്പിലാക്കാതെയാണ് റിഗ് മറ്റൊരു ജില്ലയിലേക്ക് മാറ്റി ഉപയോഗിക്കുന്നത്. അതേസമയം, കാസർകോട് ജില്ലയിൽ കുഴൽക്കിണർ നിർമാണത്തിനായി 2025 ജനുവരി മുതൽ ലഭിച്ച നൂറോളം അപേക്ഷകൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്.
ഇതിൽ 30 പേർ ഇതിനകം പണം അടച്ച് കാത്തിരിക്കുകയാണ്. കടുത്ത വേനലിൽ കൃഷിക്കും കുടിവെള്ളത്തിനുമായി അപേക്ഷ നൽകിയവരാണ് ദുരിതത്തിലായിരിക്കുന്നത്.
മഴക്കാലം ആരംഭിക്കുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ ദുഷ്കരമാകുമെന്ന ആശങ്കയിലാണ് അപേക്ഷകർ. സ്വന്തം ജില്ലയിലെ ആവശ്യങ്ങൾ മാറ്റിവെച്ച്, അനുവദിക്കപ്പെട്ട
റിഗ്ഗും ജീവനക്കാരെയും ഉപയോഗിച്ച് കൊല്ലം ജില്ലയിൽ പ്രവൃത്തികൾ നടത്തുന്നതിലെ വൈരുധ്യം ഇതിനകം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

