സൈനിക പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, പാകിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ച ‘ഫതഹ്-4’ ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. 750 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈലിന് കരയിലെയും കടലിലെയും ലക്ഷ്യസ്ഥാനങ്ങളെ അതീവ കൃത്യതയോടെ തകർക്കാൻ സാധിക്കുമെന്ന് പാകിസ്ഥാൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
മിസൈൽ വിക്ഷേപണത്തിന്റെ ദൃശ്യങ്ങൾ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐഎസ്പിആർ പുറത്തുവിട്ടു. അത്യാധുനിക ഗൈഡൻസ് സംവിധാനവും നാവിഗേഷൻ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുള്ള ‘ഫതഹ്-4’, ശത്രുരാജ്യങ്ങളുടെ റഡാർ സംവിധാനങ്ങളെ മറികടന്ന് ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രാപ്തമാണെന്ന് സൈന്യം അവകാശപ്പെടുന്നു.
മിസൈലിന്റെ പറക്കൽ പാതയും കൃത്യതയും പരിശോധിച്ച ഉദ്യോഗസ്ഥർ പരീക്ഷണം പൂർണ്ണ വിജയമാണെന്ന് സ്ഥിരീകരിച്ചു. ഈ നേട്ടത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെയും സൈനികരെയും പാകിസ്ഥാൻ പ്രസിഡന്റും പ്രധാനമന്ത്രിയും പ്രത്യേകം അഭിനന്ദിച്ചു.
രാജ്യത്തിന്റെ പ്രതിരോധ കവചം ശക്തമാക്കുന്നതിൽ ഈ മിസൈൽ നിർണ്ണായക പങ്ക് വഹിക്കുമെന്ന് പാക് പ്രധാനമന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലും മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലാണ് പാകിസ്ഥാന്റെ ഈ നിർണ്ണായക നീക്കം.
നേരത്തെ 400 കിലോമീറ്റർ പരിധിയുള്ള ‘ഫതഹ്-2’ മിസൈൽ പരീക്ഷിച്ചിരുന്ന പാകിസ്ഥാൻ, പുതിയ പരീക്ഷണത്തിലൂടെ തങ്ങളുടെ ദീർഘദൂര ആക്രമണ ശേഷി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

