കാക്കനാട് കേന്ദ്രീകരിച്ച് വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കുന്ന സംഘം ഉടമയെ വെട്ടിലാക്കി. മാസങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ബൈക്കിന്റെ നമ്പർ പ്ലേറ്റ് തട്ടിപ്പുകാർ മോഷ്ടിച്ച് മറ്റൊരു വാഹനത്തിൽ ഘടിപ്പിച്ചതാണ് യഥാർഥ ഉടമയ്ക്ക് വിനയായത്.
തന്റെ ബൈക്കിന്റെ പേരിൽ നിരന്തരം പിഴ ചുമത്തുന്ന വിവരം മോട്ടർ വാഹന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ ഫോൺ കോൾ വഴിയാണ് ഉടമ അറിയുന്നത്. സംഭവത്തെക്കുറിച്ച് അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെ: കഴിഞ്ഞ ദിവസം കളമശേരിയിൽ വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റ് ധരിക്കാതെ യുവാവും യുവതിയും സഞ്ചരിച്ച ബൈക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.
വാഹനം നിർത്താൻ ഉദ്യോഗസ്ഥർ നിർദേശിച്ചെങ്കിലും ഇവർ അതിന് തയ്യാറായില്ല. തുടർന്ന്, ഉദ്യോഗസ്ഥർ ബൈക്കിന്റെ ദൃശ്യങ്ങൾ പകർത്തുകയും റജിസ്ട്രേഷൻ നമ്പറിന്റെ അടിസ്ഥാനത്തിൽ ഉടമയെ ബന്ധപ്പെടുകയുമായിരുന്നു.
എന്നാൽ, മാസങ്ങളായി താൻ ഈ വാഹനം ഉപയോഗിക്കുന്നില്ലെന്ന് ഉടമ വ്യക്തമാക്കിയതോടെയാണ് തട്ടിപ്പ് പുറത്തായത്. വെണ്ണലയിലെ ഒരു കടയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് പരിശോധിച്ചപ്പോൾ നമ്പർ പ്ലേറ്റുകൾ അജ്ഞാതർ അഴിച്ചുകൊണ്ടുപോയതായി കണ്ടെത്തി.
ഈ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഹെൽമറ്റ് ധരിക്കാതെ യുവാവും യുവതിയും നിരന്തരം യാത്ര ചെയ്യുന്നതും, ഇതിന്റെ പേരിൽ യഥാർഥ ഉടമയ്ക്ക് പിഴ ലഭിക്കുന്നതുമാണ് നിലവിലെ സ്ഥിതി. സംഭവത്തിൽ എൻഫോഴ്സ്മെന്റ് ആർടി ഓഫിസിലും പൊലീസ് സ്റ്റേഷനിലും ഉടമ പരാതി നൽകി.
മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

