കോഴിക്കോട്: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി അംഗീകരിച്ചുകൊണ്ടുള്ള പ്രകടനത്തിനിടെ തൊടുപുഴയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയ സംഭവത്തിൽ ഇടുക്കി ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിൽ പ്രകടനം നടത്തുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തതിനെത്തുടർന്നാണ് സംസ്ഥാന കമ്മിറ്റിയുടെ ഈ നടപടി. സംഭവത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.
പി.എം.എ സലാം ഔദ്യോഗിക പ്രതികരണം നടത്തി. “നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് തൊടുപുഴയിൽ മുസ്ലിം ലീഗിന്റെ പേരിൽ നടന്ന പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടിയുടെ അന്തസ്സിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്നും ഇത്തരം തെറ്റായ പ്രവണതകളെ പാർട്ടി തള്ളിക്കളയുന്നതായും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.
പി.എം.എ സലാം അറിയിച്ചു.” പ്രവർത്തകർക്കിടയിൽ ആഹ്ലാദ പ്രകടനങ്ങൾ അതിര് കടക്കരുതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
പ്രകടനത്തിൽ പങ്കെടുത്തവരെക്കുറിച്ചുള്ള വിശദമായ പരിശോധന നടത്തി വരികയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

