കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശൻ ചുമതലയേൽക്കുന്നതോടെ അദ്ദേഹത്തിന്റെ ഔദ്യോഗിക പദവിയിലും ലഭിക്കുന്ന ആനുകൂല്യങ്ങളിലും നിർണായക മാറ്റങ്ങൾ ഉണ്ടാകും. പ്രതിപക്ഷ നേതാവായിരുന്ന കാലയളവിൽ കാബിനറ്റ് റാങ്കോടു കൂടി മന്ത്രിമാർക്ക് തുല്യമായ ശമ്പളവും അലവൻസുകളുമായിരുന്നു ലഭിച്ചിരുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതോടെ ഈ ആനുകൂല്യങ്ങളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും. റിപ്പോർട്ടുകൾ പ്രകാരം, 1,85,000 രൂപയാണ് മുഖ്യമന്ത്രിയുടെ പ്രതിമാസ അടിസ്ഥാന ശമ്പളവും അലവൻസുകളും ചേർത്തുളള തുക.
ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ താമസസൗകര്യം, 24 മണിക്കൂർ കർശന സുരക്ഷ, യാത്രകൾക്കായി ഔദ്യോഗിക വാഹനം, അകമ്പടിക്ക് പൈലറ്റ് വാഹനങ്ങൾ എന്നിവയും ലഭ്യമാകും. ഇതിനുപുറമെ, ട്രെയിൻ-വിമാന യാത്രകൾക്കായി പ്രത്യേക യാത്രാ അലവൻസുകളും മുഖ്യമന്ത്രിക്കും കുടുംബത്തിനും പൂർണ്ണമായ സൗജന്യ ചികിത്സാ സൗകര്യവും ഉറപ്പാക്കുന്നു.
കാലാവധി പൂർത്തിയാക്കിയ ശേഷം ആജീവനാന്ത പെൻഷനും മുഖ്യമന്ത്രിക്ക് ലഭിക്കും. ഇതോടൊപ്പം വി ഡി സതീശന്റെ ആസ്തിവിവരങ്ങളും ചർച്ചയാകുന്നുണ്ട്.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ കണക്കുകൾ പ്രകാരം, അദ്ദേഹം സമർപ്പിച്ച വിവരങ്ങൾ ഇങ്ങനെയാണ്: വി ഡി സതീശനും ഭാര്യ ലക്ഷ്മിപ്രിയയും ചേർന്ന് ഏകദേശം 6.69 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ കൈവശം വച്ചിട്ടുണ്ട്. സതീശന്റെ പേരിൽ 53,82,286 രൂപയുടെ ബാങ്ക് നിക്ഷേപവും ഭാര്യയുടെ പേരിൽ 68,45,474 രൂപയുടെ നിക്ഷേപവുമുണ്ട്.
തന്റെ പക്കൽ 64,000 രൂപ പണമായും 25,000 രൂപയുടെ ബാങ്ക് ഓഹരികളും 35 ഗ്രാം സ്വർണ്ണവും ഉണ്ടെന്ന് സതീശൻ വെളിപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്മിപ്രിയയുടെ പേരിൽ നിലവിൽ 1,70,82,074 രൂപ മൂല്യമുള്ള 1128 ഗ്രാം സ്വർണ്ണമുണ്ട്.
കൂടാതെ വീടും സ്ഥലവും ഉൾപ്പെടെ 2,42,63,816 രൂപ മൂല്യമുള്ള സ്ഥാവര വസ്തുക്കളും വി ഡി സതീശന്റെ പേരിലുണ്ട്. ബാധ്യതകളുടെ കാര്യത്തിൽ, വി ഡി സതീശന് സ്വന്തം പേരിൽ കാർ ലോൺ ഉൾപ്പെടെ വിവിധ ബാങ്ക് വായ്പകളിലായി 24,00,635 രൂപയുടെ കടബാധ്യതയുണ്ട്.
ഭാര്യ ലക്ഷ്മി പ്രിയയുടെ പേരിൽ 17,45,000 രൂപയുടെ ബാധ്യതയുമുണ്ട്. അഭിഭാഷകവൃത്തിയും പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വരുമാനവുമായിരുന്നു ഇതുവരെയുള്ള പ്രധാന വരുമാന സ്രോതസ്സുകളെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

