പത്തനംതിട്ട ജില്ലയിൽ ഈ വർഷം റിപ്പോർട്ട് ചെയ്ത തെരുവുനായ ആക്രമണങ്ങളിൽ ഇരകളായവർക്ക് നഷ്ടപരിഹാരമായി 25 ലക്ഷത്തിലധികം രൂപ നൽകാൻ നടപടികൾ സ്വീകരിച്ചു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് നഷ്ടപരിഹാരം അനുവദിക്കാൻ തീരുമാനമായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ഈ തുക വിതരണം ചെയ്യേണ്ടത്.
തുക ലഭ്യമാകുന്ന മുറയ്ക്ക് അർഹരായവർക്ക് അത് കൈമാറുമെന്ന് തദ്ദേശ സ്ഥാപന അധികൃതർ അറിയിച്ചു. നഷ്ടപരിഹാരത്തിന് അർഹരായവർ ലീഗൽ സർവീസസ് അതോറിറ്റി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ലീഗൽ സർവീസസ് അതോറിറ്റി ജഡ്ജി, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ എന്നിവരടങ്ങുന്ന സമിതിയാണ് അപേക്ഷകളിൽ അന്തിമ തീരുമാനമെടുക്കുന്നത്. ചികിത്സാ രേഖകളും മറ്റ് തെളിവുകളും കൃത്യമായി പരിശോധിച്ച ശേഷമാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്.
മാർച്ച് വരെ ലഭിച്ച അപേക്ഷകളിൽ പകുതിയോളം ഇതിനകം തീർപ്പാക്കി കഴിഞ്ഞു. മതിയായ രേഖകൾ ഹാജരാക്കാത്തവർക്ക് അവ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.
പത്തനംതിട്ട, അടൂർ നഗരസഭകളിലെ അപേക്ഷകർക്കാണ് നിലവിൽ പരിഗണന ലഭിച്ചത്. അതേസമയം, തദ്ദേശ സ്ഥാപനങ്ങളുടെ പരിമിതമായ സാമ്പത്തിക സ്ഥിതി പലപ്പോഴും നഷ്ടപരിഹാര വിതരണത്തിന് തടസ്സമാകുന്നുണ്ട്.
ഇതിനിടെ, ഓമല്ലൂർ പൈവള്ളിയിൽ നാലുപേരെ കടിച്ചു പരുക്കേൽപിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തുടർന്ന് പ്രദേശത്ത് പ്രതിരോധ കുത്തിവയ്പുകൾ ഊർജിതമാക്കി.
നായയുടെ ആക്രമണത്തിൽ പരുക്കേറ്റ മൂന്ന് വയസ്സുകാരി സുകന്യ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുകന്യയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൺപോളയിൽ മുറിവേറ്റ കുട്ടിയെ നേത്രരോഗ വിഭാഗത്തിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകി വരികയാണ്. അണുബാധ ഒഴിവാക്കുന്നതിനുള്ള വാക്സിനേഷൻ നടപടികളും പൂർത്തിയാക്കി.
കഴിഞ്ഞ 11-ന് വീടിന്റെ വരാന്തയിൽ കളിക്കുന്നതിനിടയിലാണ് സുകന്യയെ നായ ആക്രമിച്ചത്. തുടർന്ന് മറ്റ് മൂന്ന് പേരെ കൂടി ആക്രമിച്ച നായയെ നാട്ടുകാർ പ്രതിരോധിക്കുന്നതിനിടെ തല്ലിക്കൊല്ലുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

