ബേപ്പൂർ പള്ളിയറക്കൽ ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലുള്ള ഉപയോഗശൂന്യമായ കിണറ്റിൽനിന്ന് 53 ആമകളെ വനംവകുപ്പ് അധികൃതർ സുരക്ഷിതമായി പുറത്തെടുത്തു. നേരത്തെ ഈ കിണറ്റിൽ വീണ തെരുവുനായയെ രക്ഷപ്പെടുത്തുന്നതിനായി നാട്ടുകാർ ഇറങ്ങിയപ്പോഴാണ് വൻതോതിൽ ആമകളെ കണ്ടെത്തിയത്.
തുടർന്ന് നാട്ടുകാർ ഈ വിവരം കൗൺസിലർ ഷിനു പിണ്ണാണത്തിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പിന് വിവരം കൈമാറുകയുമായിരുന്നു. വിവരമറിഞ്ഞയുടൻ സിറ്റി ആർആർടി ബീറ്റ് ഫോറസ്റ്റ് ഓഫിസർ എം.എസ്.പ്രസുതയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
റെസ്ക്യൂ ടീം അംഗമായ അനീഷ് അത്താണി കിണറ്റിലിറങ്ങി കഠിനമായ പരിശ്രമത്തിലൂടെ മുഴുവൻ ആമകളെയും പുറത്തെത്തിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ ആമകളെ പിന്നീട് സുരക്ഷിതമായ ആവാസ വ്യവസ്ഥയിൽ തുറന്നുവിട്ടു.
രക്ഷാപ്രവർത്തനങ്ങളിൽ കൗൺസിലർക്ക് പുറമെ ആർആർടി ടീം അംഗങ്ങളായ ഗിരീഷ് കോട്ടൂളി, പി.ജിജിത്ത് എന്നിവരും പങ്കാളികളായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

