ഒറ്റപ്പാലം നഗരത്തിലെ വാടകവീട്ടിൽ താമസിച്ചിരുന്ന സേലം ആത്തൂർ പൊത്തനായകൻപാളയം പുതുക്കോത്തംപടി സ്വദേശിനി കൃഷ്ണവേണിയുടെ (28) മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. തുണി ഉപയോഗിച്ച് മൂക്കുപൊത്തി ശ്വാസം മുട്ടിച്ചാണ് കൃഷ്ണവേണിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് ആത്തൂർ കൽപകന്നൂർ സ്വദേശി മണികണ്ഠനെ (37) പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം തെന്നടി ബസാർ വിവേകാനന്ദ റോഡിലെ വാടകവീട്ടിൽ ശനിയാഴ്ച രാത്രിയിലാണ് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിനു പിന്നാലെ മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
മരണകാരണം ശ്വാസം മുട്ടലാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നേരത്തെ വ്യക്തമായിരുന്നുവെങ്കിലും, കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. മദ്യപിച്ചെത്തിയ മണികണ്ഠൻ കൃഷ്ണവേണിയുമായി തർക്കത്തിലേർപ്പെടുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ പത്ത് വർഷമായി ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലുമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ദമ്പതികൾ. ഇവർ തമ്മിൽ നിരന്തരം തർക്കങ്ങൾ പതിവായിരുന്നെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.
പോലീസ് ഇൻസ്പെക്ടർ കെ.ആർ.രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

