കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ വീണ്ടും വൈകുന്നു.
കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള പാതയുടെ നിർമാണം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അടുത്ത മാസം അഞ്ച് സ്റ്റേഷനുകൾ പൂർത്തിയാക്കി പടമുകൾ വരെ മെട്രോ സർവീസ് ആരംഭിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം.
തുടർന്ന് ഡിസംബറോടെ ബാക്കി ഭാഗങ്ങളുടെ നിർമാണം പൂർത്തിയാക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ പദ്ധതികൾ നടപ്പിലാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.
അടുത്ത വർഷം ഏപ്രിലോടെ രണ്ടാം ഘട്ട മെട്രോ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അതിനുള്ള സാധ്യതകൾ വിരളമാണ്.
വിദേശ വായ്പ ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് പദ്ധതിയുടെ മെല്ലെപ്പോക്കിന് തുടക്കത്തിൽ കാരണമായതെങ്കിൽ, ഇപ്പോൾ ഭരണമാറ്റവും നിർമാണത്തെ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാനപ്പെട്ട
വികസന പദ്ധതിയാണെങ്കിലും കെഎംആർഎല്ലിന്റെ വിവിധ തലങ്ങളിൽ ഈ മാറ്റങ്ങൾ പ്രതിഫലിക്കുന്നുണ്ട്. എന്നിരുന്നാലും, പദ്ധതിയുടെ നയപരമായ കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണ്.
അതേസമയം, പദ്ധതിയുടെ സിവിൽ ജോലികൾ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. മെട്രോ നിർമാണത്തിന്റെ ഏകദേശം പകുതിയോളം വരും സിവിൽ ജോലികൾ.
ആകെ നിർമിക്കേണ്ട 2028 പൈലുകളിൽ 1733 എണ്ണം പൂർത്തിയായി കഴിഞ്ഞു.
പാലാരിവട്ടം– സ്റ്റേഡിയം ഭാഗത്താണ് നിലവിൽ പൈലിങ് ജോലികൾ ശേഷിക്കുന്നത്. ട്രാക്ക് നിർമാണത്തിനായി ആവശ്യമുള്ള 1659 പൈലുകളിൽ 1364 എണ്ണം പൂർത്തിയായി.
സ്റ്റേഷനുകൾക്കായുള്ള എല്ലാ പൈലുകളും പൂർത്തിയായിട്ടുണ്ട്. കൂടാതെ 470 പൈൽ ക്യാപുകളിൽ 355 എണ്ണവും, 470 തൂണുകളിൽ 280 എണ്ണവും പൂർത്തീകരിച്ചു.
144 പിയർ ക്യാപുകളുടെ നിർമാണവും പൂർത്തിയായി. 172 ഗർഡറുകൾ സ്ഥാപിച്ചതോടെ മൂന്ന് കിലോമീറ്റർ ദൂരത്തിൽ പാലം നിർമാണം പൂർത്തിയായിട്ടുണ്ട്.
2019 ഫെബ്രുവരി 26-നാണ് മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി ലഭിച്ചത്. 2022 സെപ്റ്റംബറിൽ പ്രധാനമന്ത്രി പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു.
1957 കോടി രൂപയുടെ പദ്ധതിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് 274.90 കോടി രൂപ വീതമാണ് വിഹിതം. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്ന് ലഭ്യമാകുന്ന 1016.24 കോടി രൂപയാണ് വായ്പയായി ഉപയോഗിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വായ്പയ്ക്ക് സർക്കാർ അനുമതി നൽകിയത്. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് രണ്ടാം ഘട്ടം വരെ 11.2 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 11 സ്റ്റേഷനുകളാണ് നിർമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

