കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽപെട്ടു യാത്രക്കാരിക്കു ദാരുണാന്ത്യം. കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരിയും, എസ്എച്ച് മൗണ്ട് ഞെള്ളക്കാട്ട് റിട്ട.
ഹെഡ്മാസ്റ്റർ ചാക്കോയുടെ ഭാര്യയുമായ സി.ഡി.റോസ് (ഓമന – 70) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 9.45 ഓടെയായിരുന്നു അപകടം.
ഇറഞ്ഞാൽ – തിരുവഞ്ചൂർ റൂട്ടിലോടുന്ന ‘പുല്ലാടൻ’ ബസിൽ സ്റ്റാൻഡിൽ വന്നിറങ്ങിയ ശേഷം, ബസിന്റെ ഇടതുവശം ചേർന്നു മുന്നോട്ട് നടക്കവേയാണ് റോസ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണത്തിന് കീഴടങ്ങി.
സംഭവത്തിന് സാക്ഷ്യം വഹിച്ച മറ്റൊരു യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുനക്കര, നാഗമ്പടം ബസ് സ്റ്റാൻഡുകളിലായി 2005 മുതൽ ഇതുവരെ 8 പേരുടെ ജീവനാണ് പൊലിഞ്ഞത്.
കൈപ്പുഴ ശാസ്താങ്കൽ കാവിൽപറമ്പിൽ അന്നമ്മ (65), പുതുപ്പള്ളി മുളഞ്ഞിയിൽ മറിയ(70), മാരാമൺ താഴമൺകാലായിൽ മറിയാമ്മ (78), ഒളശ്ശ പള്ളിക്കവല കൊച്ചുപറമ്പിൽ അരുണിമ (11), കുറുപ്പംപടി തുരുത്തി എടക്കര അന്നമ്മ(53), തിരുവാതുക്കൽ വാഴേപ്പറമ്പിൽ സരോജിനി (86), ആർപ്പൂക്കര വില്ലൂന്നി പനത്തറ ജാനകി ദാമോദരൻ (80), എസ്എച്ച് മൗണ്ട് ഞെള്ളക്കാട്ട് സി.ഡി.റോസ് (70) എന്നിവരാണ് ഇത്തരത്തിൽ ജീവൻ നഷ്ടപ്പെട്ടവർ. **അപകടസാഹചര്യങ്ങൾ**
ശാസ്ത്രീയമായ രീതിയിൽ ബസ് ബേയോ ബസ് സ്റ്റാൻഡോ നിർമ്മിക്കാത്തതാണ് പ്രധാന പോരായ്മ.
റോഡിനെ ബസ് സ്റ്റാൻഡായി ഉപയോഗിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. മെഡിക്കൽ കോളജ്, വൈക്കം, ഏറ്റുമാനൂർ ഭാഗത്തേക്കുള്ള ബസുകൾ ഇടതുവശത്തെ ആദ്യ ലെയ്നിലും, ദീർഘദൂര സർവീസുകൾ രണ്ടാമത്തെ ലെയ്നിലുമാണ് നിർത്തുന്നത്.
ദീർഘദൂര ബസുകൾ ഒരേസമയം എത്തുമ്പോൾ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. കൂടാതെ, കോൺക്രീറ്റ് ചെയ്ത അലൈൻമെന്റിലെ പോരായ്മകളും വാഹനങ്ങളുടെ സുഗമമായ ഗതാഗതത്തിന് തടസ്സമാകുന്നുണ്ട്.
**സുരക്ഷാ നിർദേശങ്ങൾ**
തിരക്കേറിയ സമയങ്ങളിൽ ബസുകൾ റിവേഴ്സ് എടുക്കുമ്പോഴും തിരിക്കുമ്പോഴും ഡ്രൈവർമാർക്ക് വശങ്ങൾ കൃത്യമായി കാണാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു. അതിനാൽ, യാത്രക്കാർ ബസുകളുടെ തൊട്ടുപിന്നിലൂടെയോ വശങ്ങളിലൂടെയോ നടക്കുന്നത് പൂർണമായും ഒഴിവാക്കണമെന്ന് പൊലീസ് നിർദേശിക്കുന്നു.
പ്ലാറ്റ്ഫോമുകൾ മാത്രം ഉപയോഗിക്കുക, കുട്ടികളുമായി വരുന്നവർ അതീവ ജാഗ്രത പാലിക്കുക, ബസ് ബേകൾ നടപ്പാതയായി ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങളും പൊലീസ് മുന്നോട്ടുവെക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

