ലോകനിലവാരത്തിൽ പുനർവികസിപ്പിക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഇനിയും ഒരു വർഷത്തോളമെടുക്കുമെന്ന് സൂചന. കഴിഞ്ഞ ജനുവരി 26-നകം പണികൾ പൂർത്തിയാക്കാനായിരുന്നു കരാർ വ്യവസ്ഥയെങ്കിലും, വിവിധ കാരണങ്ങളാൽ പദ്ധതി വൈകുകയാണ്.
361 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്റ്റേഷൻ നവീകരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കാലത്ത് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് നിർമാണപ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
സ്റ്റേഷന്റെ വടക്ക്, തെക്ക് ഭാഗങ്ങളിലായി ആധുനിക ടെർമിനൽ കെട്ടിടങ്ങൾ, മൾട്ടിലെവൽ കാർ പാർക്കിങ്, എയർ കോൺകോസ് എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. തെക്ക് ഭാഗത്തെ ഒന്നാം ടെർമിനലിന്റെ നിർമാണം മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
അഞ്ചു നിലകളിലായി 22,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഉയരുന്ന ഈ ടെർമിനലിൽ ക്ലോക്ക് റൂം, ബേബി കെയർ, ടിക്കറ്റ് കൗണ്ടറുകൾ, ഹെൽപ് ഡെസ്ക് തുടങ്ങിയവ ക്രമീകരിക്കും. ഇതിനായി 680 പൈലുകൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.
എന്നാൽ, വടക്കുഭാഗത്തുള്ള രണ്ടാം ടെർമിനലിന്റെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. പാർക്കിങ് സൗകര്യങ്ങളുടെ കാര്യത്തിൽ ഭാഗികമായ പുരോഗതി ഉണ്ടായിട്ടുണ്ട്.
ഒന്നാം ടെർമിനലിന് സമീപമുള്ള ബഹുനില പാർക്കിങ് സമുച്ചയം കഴിഞ്ഞ ഫെബ്രുവരി മുതൽ പ്രവർത്തനസജ്ജമാണ്. അതേസമയം, വടക്കുവശത്ത് 4500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആസൂത്രണം ചെയ്തിരിക്കുന്ന പാർക്കിങ് സൗകര്യത്തിന്റെ നിർമാണം തുടങ്ങിയിട്ടില്ല.
ഷോപ്പിങ് മാളിന് സമാനമായ എയർ കോൺകോസിന്റെ നിർമാണം പുരോഗമിക്കുകയാണ്. 120 മീറ്റർ നീളവും 36 മീറ്റർ വീതിയുമുള്ള കോൺകോസിൽ ലിഫ്റ്റ്, എസ്കലേറ്റർ സൗകര്യങ്ങളുണ്ടാകും.
ആർപിഎഫ്, റെയിൽവേ പൊലീസ് കെട്ടിടങ്ങൾ ഇതിനകം പൂർത്തിയായി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. റെയിൽവേ കോടതിയുടെയും പാർസൽ ഓഫിസിന്റെയും പ്രവർത്തനങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി അറിയിച്ചു. അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ: ”റെയിൽവേ സ്റ്റേഷൻ നിർമാണ പുരോഗതി വിലയിരുത്തുന്നതിനു ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിക്കും. തിരുവനന്തപുരം ഡിവിഷനിൽ കൊല്ലം പാർലമെന്റ് നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട
പെരിനാട്, ഇരവിപുരം ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ വികസനത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിന് ഇന്ന് തിരുവനന്തപുരത്ത് യോഗം നടക്കും. കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനവും യോഗത്തിൽ ചർച്ച ചെയ്യും.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

