പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ, വർഷങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ അന്വേഷണം ഊർജ്ജിതമാക്കാൻ ഭരണകൂടം നടപടി തുടങ്ങി. കഴിഞ്ഞ 15 വർഷത്തിനിടെ വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതും രാഷ്ട്രീയ സംഘർഷങ്ങളും പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടതുമായ കേസുകളിലാണ് പോലീസ് ഇപ്പോൾ പരിശോധന കർശനമാക്കുന്നത്.
ഈ നീക്കത്തെത്തുടർന്ന് തൃണമൂൽ കോൺഗ്രസിലെയും കോൺഗ്രസിലെയും പ്രാദേശിക നേതാക്കളും പ്രവർത്തകരും കടുത്ത ആശങ്കയിലാണ്. അറസ്റ്റ് ഭയന്ന് ഉത്തര ദിനാജ്പൂർ ജില്ലയിലെ ഇസ്ലാംപൂർ കോടതിയിൽ നിരവധി നേതാക്കൾ ഇതിനകം മുൻകൂർ ജാമ്യത്തിനായി അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു.
ബിജെപി സർക്കാർ അധികാരമുപയോഗിച്ച് തങ്ങളെ വേട്ടയാടുകയാണെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രധാന ആരോപണം. ഭരണമാറ്റത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി സുവേന്ദു അധികാരി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുകയും പഴയ കേസുകളിൽ ശക്തമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടികൾ. ഇതിനിടെ, തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ചോപ്ര പഞ്ചായത്ത് പ്രസിഡൻ്റ് കോനിക ഭൗമികിൻ്റെ ഭർത്താവ് ഗോപാൽ ഭൗമിക് പഴയൊരു കേസിൽ അറസ്റ്റിലായി.
കൂടാതെ, ചോപ്ര മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിനോട് പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി ശങ്കർ അധികാരിയുടെ സഹോദരൻ സുബ്രത അധികാരിയും സമാനമായ രീതിയിൽ പോലീസിന്റെ പിടിയിലായിട്ടുണ്ട്.
നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നുമാണ് ബിജെപി നേതാക്കളുടെ മറുപടി. കേസുകൾ കുത്തിപ്പൊക്കി രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ടിഎംസിയും കോൺഗ്രസും ആവർത്തിച്ച് വ്യക്തമാക്കുന്നു.
ഭരണമാറ്റത്തിന് പിന്നാലെ ഇസ്ലാംപൂർ മേഖലയിലെ രാഷ്ട്രീയ നേതൃത്വം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

