ഇറാൻ-യുഎസ് സംഘർഷം നീളുമെന്ന ആശങ്കയും ക്രൂഡ് ഓയിൽ വിലക്കയറ്റവും സൃഷ്ടിച്ച പ്രതിസന്ധിക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ആഹ്വാനങ്ങൾ ഓഹരി വിപണിയിൽ കനത്ത ഇടിവിന് കാരണമായി. ജ്വല്ലറി, ട്രാവൽ, ടൂറിസം, എണ്ണ വിതരണ കമ്പനികൾ എന്നിവയുടെ ഓഹരികളാണ് ഇന്ന് വിപണിയിൽ വൻ നഷ്ടം രേഖപ്പെടുത്തിയത്.
ടൈറ്റൻ, കല്യാൺ ജ്വല്ലേഴ്സ്, സെൻകോ ഗോൾഡ്, സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, തങ്കമയിൽ ജ്വല്ലറി, പിസി ജ്വല്ലർ, ത്രിഭൊവൻദാസ് ഭീംജി ഝവേരി തുടങ്ങിയ ജ്വല്ലറി ഓഹരികൾ 5 മുതൽ 9% വരെ ഇടിഞ്ഞാണ് വ്യാപാരം നടത്തിയത്. കൂടാതെ, ഇൻഡിഗോ, ബിപിസിഎൽ, ഇന്ത്യൻ ഹോട്ടൽസ്, എച്ച്പിസിഎൽ, ഇന്ത്യൻ ഓയിൽ, ലെമൺ ട്രീ തുടങ്ങിയ ഓഹരികളും 7% വരെ നഷ്ടം നേരിട്ടു.
കേരളം ആസ്ഥാനമായ ഫാക്ടിന്റെ ഓഹരികൾ 1.88% താഴ്ന്നു. പ്രധാനമന്ത്രി മുന്നോട്ടുവെച്ച ആറ് നിർദ്ദേശങ്ങൾ
1) വർക്ക് ഫ്രം ഹോം ഇന്ധന ഉപഭോഗം നിയന്ത്രിക്കാനായി പരമാവധി വർക്ക് ഫ്രം ഹോം നടപ്പാക്കുക.
2) യോഗം ഓൺലൈനിൽ മീറ്റിങ്ങുകൾ പരമാവധി ഓൺലൈനാക്കുക.
3) പെട്രോളും ഡീസലും വാങ്ങുന്നത് കുറയ്ക്കുക ഇറക്കുമതി ആശ്രയത്വം കുറയ്ക്കേണ്ടതുണ്ട്.
ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കുക. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുക.
4) വിദേശയാത്ര ഒഴിവാക്കൂ വിദേശനാണയ ശേഖരം സംരക്ഷിക്കണം.
അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ വേണ്ടെന്ന് വയ്ക്കൂ.
5) സ്വർണം അത്യാവശ്യത്തിന് മാത്രം അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക. സ്വർണം ഇറക്കുമതി കുറയ്ക്കേണ്ടത് അനിവാര്യമാണ്.
6) പൊതുഗതാഗതം പ്രയോജനപ്പെടുത്തുക പൊതുഗതാഗത സംവിധാനം പരമാവധി ഉപയോഗിക്കുക.
കാർ പൂളിങ് പ്രയോജനപ്പെടുത്താം. ഒരേസ്ഥലത്തേക്ക് ഓരോരുത്തരും ഓരോ കാറിൽ പോകുന്നതിന് പകരം, പറ്റുമെങ്കിൽ ഒരുകാറിൽ പോകാൻ ശ്രമിക്കുക.
വിപണിയിലെ പ്രതിസന്ധി പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണവില വർധനയും രൂപയുടെ മൂല്യത്തകർച്ചയും വിപണിയെ ബാധിച്ചിട്ടുണ്ട്. സെൻസെക്സ് 900 പോയിന്റ് (-1.12%) താഴ്ന്ന് 76,450 നിലവാരത്തിലും നിഫ്റ്റി 235 പോയിന്റ് (-1%) ഇടിഞ്ഞ് 23,939 ലുമാണ് വ്യാപാരം നടക്കുന്നത്.
മേയ് ഒന്നിന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നാണയശേഖരം 69,069.3 കോടി ഡോളറായി കുറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 95.17 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.
റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം വിദേശയാത്രയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഇന്ത്യക്കാർ 22,000 കോടി രൂപ ചെലവിട്ടു. ഇതിൽ 12,200 കോടി രൂപയും യാത്രകൾക്കായാണ് മാറ്റിവെച്ചത്.
ഇക്കാര്യത്തിൽ പ്രതികരിക്കവെ, “അധികച്ചെലവുകൾ നിയന്ത്രിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെന്ന് ടൈ കേരള പ്രസിഡന്റും വർമ ആൻഡ് വർമ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സീനിയർ പാർട്ണറുമായ വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു. ഇന്ധനവില ഉടൻ കൂട്ടുമെന്ന സൂചനയാകാം മോദിയുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത്.
ഇന്ധനവില കൂട്ടുന്നത് പണപ്പെരുപ്പത്തിന് ഇടയാക്കുമെന്നത് വസ്തുതയാണ്. പക്ഷേ, നിലവിലെ സാഹചര്യത്തിൽ വിലവർധനയുടെ ഒരുപങ്ക് എങ്കിലും ഉപഭോക്താക്കൾക്ക് കൈമാറാതെ എണ്ണവിതരണ കമ്പനികൾക്ക് പിടിച്ചുനിൽക്കാനാകുമെന്ന് കരുതുന്നില്ല.
തിരഞ്ഞെടുപ്പുകൾ കഴിഞ്ഞു. വാണിജ്യ എൽപിജി വില വർധിപ്പിച്ചു.
ഇനി പെട്രോൾ, ഡീസൽ വിലയും ഉടൻ കൂട്ടുമെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

