തൃശ്ശൂർ: വാടാനപ്പള്ളിയിൽ കെസി വേണുഗോപാലിന് അനുകൂലമായി ഫ്ലക്സ് വെച്ച് സിസിടിവിയിൽ കുടുങ്ങിയ സിപിഎം നേതാവ് മുഹമ്മദ് അരവശേരി പുതിയ വിശദീകരണവുമായി രംഗത്തെത്തി. കെസിയോടുള്ള ഇഷ്ടം കൊണ്ട് വെച്ചതെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
തൊട്ടടുത്ത കടയിലെ സിസിടിവി കേടായിക്കിടക്കുകയാണെന്ന് കരുതിയാണ് ഫ്ളക്സ് വെയ്ക്കാൻ മുതിർന്നതെന്നായിരുന്നു നേരത്തെ മുഹമ്മദ് വാട്സ്ആപ്പ് ഗ്രൂപ്പിൽ വിശദീകരിച്ചത്. കെ സി വേണുഗോപാലിനോടുള്ള സ്നേഹം കൊണ്ടാണ് ഫ്ലക്സ് വെച്ചത്.
കെ സി മുഖ്യമന്ത്രി ആകണമെന്നാണ് തന്റെ ആഗ്രഹം. കോൺഗ്രസിന്റെ മുഖ്യമന്ത്രിയല്ലേ ഭരണത്തിൽ വരൂ.
മൂന്നുപേർ ലൈനിൽ നിൽക്കുകയല്ലേ, ഇതിൽ കെ സി ആവണമെന്നാണ് തന്റെ ആഗ്രഹം. കോൺഗ്രസുകാരെ നമ്മൾ വെറുക്കരുതല്ലോ.
അവരും നമ്മുടെ സഹോദരന്മാരല്ലേ എന്നും കെസിയോടുള്ള താല്പര്യം കൊണ്ട് ചെയ്തു പോയതാണെന്നുമാണ് മുഹമ്മദ് അരവശേരിയുടെ വിശദീകരണം. സിപിഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും പട്ടിലങ്ങാടി ബ്ലോക്ക് മെന്പറുടെ ഭർത്താവുമാണ് മുഹമ്മദ് അരവശേരി.
രാത്രിയുടെ മറവിൽ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് മുഹമ്മദ് ഫ്ലക്സ് വെച്ചത്. പിന്നീട് അത് ഫേസ്ബുക്കിലിട്ട് ആഘോഷിക്കുകയും ചെയ്തു.
എന്നാൽ, തൊട്ടടുത്ത മൊബൈൽ കടയിൽ കേടായ സിസിടിവി നന്നാക്കിയതാണ് മുഹമ്മദിന് കെണിയായത്. യുഡിഎഫ് പ്രവർത്തകർ കടയിലെത്തി കൈയ്യോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ വെളിപ്പെട്ടത്.
ഫേസ്ബുക്കിൽ മുഹമ്മദ് സ്വയം വിളിച്ചത് മുഹമ്മദ് കോടിയേരി എന്നാണ്. അത്രയ്ക്കും സിപിഎം പ്രവർത്തകനാണ് ഇയാൾ.
കോൺഗ്രസ് കേസ് കൊടുക്കുകയും പ്രകടനം നയിക്കുകയും ചെയ്തതോടെ പൊലീസ് മുഹമ്മദിനെ കസ്റ്റഡിയിലെടുത്തു. ശേഷം കേസെടുത്ത് വിട്ടയച്ചു.
പുറത്തു വന്നശേഷം വാട്സാപ്പ് ഗ്രൂപ്പിൽ ഫ്ളക്സിൻറെ പിതൃത്വം മുഹമ്മദ് ഏറ്റെടുത്തു. ആ ശബ്ദരേഖ കോൺഗ്രസുകാർ തന്നെ പുറത്തുവിട്ടതിന് പിന്നാലെ കെസിയോടുള്ള ഇഷ്ടം കൊണ്ടാണ് ഫ്ളക്സ് വെച്ചതെന്നായി വിശദീകരണം.
മുഹമ്മദിന് ഒറ്റയ്ക്ക് ഈ ബുദ്ധി തോന്നില്ലെന്നും കൂട്ടുപ്രതികളുണ്ടെന്നുമാണ് കോൺഗ്രസ് സംശയിക്കുന്നത്. നാടു നീളെ ഫ്ളക്സ് വച്ച് തമ്മിൽ തല്ലുന്നതിൻറെ പേരിൽ പഴി കേട്ട
കോൺഗ്രസിന് പിടിവള്ളിയാണ് മുഹമ്മദിൻറെ കുത്തിത്തിരുപ്പ്. മുഹമ്മദ് ഫ്ലക്സ് സ്ഥാപിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയെന്നാണ് വാടാനപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

