കുറവിലങ്ങാട് ∙ വിനോദയാത്ര വിലാപയാത്രയായി മാറി നാടിന്റെ ഓർമകളിൽ തീരാവേദന നിറച്ച കൊടൈക്കനാൽ ബസ് ദുരന്തത്തിന് 50 വയസ്സ്. 1976 മേയ് 8നാണ് ദേവാലയത്തിൽനിന്ന് കൊടൈക്കനാലിൽ പോയി മടങ്ങുകയായിരുന്ന സൺഡേ സ്കൂൾ അധ്യാപകരുടെ സംഘം സഞ്ചരിച്ച ബസ് ഡംഡം പാറ ഭാഗത്ത് 600 അടി താഴ്ചയിലേക്കു മറിഞ്ഞ് 18 പേർ മരിച്ചത്.
45 പേരുടെ സംഘത്തിലെ 2 വൈദികരും 16 സൺഡേ സ്കൂൾ അധ്യാപകരും മരിച്ചു. 27 പേർക്കു പരുക്കേറ്റു.
7ന് രാവിലെ ഏഴരയോടെയാണ് ‘കവിത’ ബസിൽ കുറവിലങ്ങാടുനിന്ന് സംഘം വിനോദയാത്രയ്ക്കായി പുറപ്പെട്ടത്.
മധുരയിലെത്തിയ സംഘം അവിടെനിന്ന് കൊടൈക്കനാലിലേക്ക് പോയി. തിരിച്ചുവരുമ്പോഴായിരുന്നു അപകടം.
റോഡരികിലെ പാറയിൽ ഇടിച്ച ബസ് തകിടംമറിഞ്ഞ് താഴ്ചയിലേക്ക് മറിഞ്ഞു. അന്ന് അപകടത്തിൽനിന്ന് രക്ഷപ്പെട്ടതിൽ ഡ്രൈവറും ക്ലീനറുമടക്കം 8 പേർ പിന്നീട് വിവിധ കാലത്തായി വിടപറഞ്ഞു.
സഹായ മെത്രാനായിരുന്ന മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, വെള്ളായിപ്പറമ്പിൽ വി.യു.ഉതുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബത്ലഗുണ്ട് ആശുപത്രിയിലും മധുര മെഡിക്കൽ കോളജിലുമെത്തി.
മൃതദേഹങ്ങൾ ഏറ്റുവാങ്ങി നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി. പ്രത്യേകം അനുവദിച്ച കെഎസ്ആർടിസി ബസിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്.
കുറവിലങ്ങാട് പള്ളിയിലെ പുനരുത്ഥാന പൂന്തോട്ടത്തിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് സംസ്കാരം നടത്തിയത്. പരുക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും ആയിരം രൂപയിൽ താഴെ മാത്രമാണ് ഇൻഷുറൻസ് തുകയായി കിട്ടിയത്.
അപകടകാരണം സംബന്ധിച്ച് തമിഴ്നാട് പൊലീസ് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. അന്വേഷണരേഖകൾ കണ്ടെത്താൻ അതിജീവിതർ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അപകടത്തിൽ മരിച്ചവർ
ഫാ.
പോൾ ആലപ്പാട്ട്, ഫാ. മാത്യു പട്ടരുമഠം, കെ.ഡി.വർക്കി കൊള്ളിമാക്കിയിൽ, വി.കെ.ഐസക് വാക്കയിൽ, എം.എം.ജോൺ കൂഴാമ്പാല, എം.എം.
ജോസഫ് കൂഴാമ്പാല, കെ.എം.ജേക്കബ് കാരാംവേലിൽ, ടി.എം.ലൂക്കോസ് താന്നിക്കപ്പുഴ, പി.എം.ജോസഫ് പുന്നത്താനത്ത്, ടി.ഒ.മാത്യു തേക്കുങ്കൽ, സെബാസ്റ്റ്യൻ ചിങ്ങംതോട്ടം, കെ.എം.കുര്യൻ കരോട്ടെകുന്നേൽ, കെ.എം.ജോസഫ് കൊച്ചുപുരയ്ക്കൽ, വർക്കി മുതുകുളത്തേൽ, കെ.ഡി. ജോർജ് കൂനംമാക്കിയിൽ, സി.കെ.വർക്കി ചിറ്റംവേലിൽ, ദേവസ്യ പൊറ്റമ്മൽ, ജോസഫ് പുല്ലംകുന്നേൽ.
അതിജീവിച്ചവർ
ഫാ.
തോമസ് ഓലിയ്ക്കൽ, എം.ഡി.ദേവസ്യ മാപ്പിളപ്പറമ്പിൽ, വി.കെ.ലൂക്ക വാഴപ്പള്ളിൽ, കുര്യാസ് കുമ്പളക്കുഴി, ഏലമ്മ കുര്യാസ് കുമ്പളക്കുഴി, സി.ഡി.മത്തായി ചാമക്കാല, തൊമ്മൻ ജോസഫ് പാറത്തൊട്ടി, എം.വി.ദേവസ്യ മുതുകുളം, ടി.ജെ.സെബാസ്റ്റ്യൻ തേക്കുങ്കൽ, സെബാസ്റ്റ്യൻ കരിമ്പനാക്കുഴി, ജേക്കബ് കൊല്ലിത്തോട്ടം, ജോസ് വഴനയ്ക്കൽ, ജോസഫ് മുടക്കാലിമറ്റം, അലക്സാണ്ടർ കുടുക്കാംതടം, മാത്യു വെള്ളപ്ലാക്കിയിൽ, മാത്യു തോമസ് പുല്ലാന്തിയിൽ, ജോർജ് കയ്യാണിക്കപ്പുറം, സൈമൺ മൊട്ടയാനിയിൽ, ബേബി ചെമ്പോത്തനാടിയിൽ, ജോസഫ് തൊടുപുഴത്തോട്ടം, ജോർജ് വർഗിസ് മടേകുന്നേൽ, തോമസ് പഞ്ഞാക്കിയിൽ, ചുമ്മാർ പൊറ്റമ്മേൽ, ജോസഫ് പറശ്ശേരി, പി.ജെ.മാത്യു പറശ്ശേരി, ജോർജ് തൊണ്ടാംകുഴിയിൽ, എമ്മാനുവൽ നരിവേലി.
തീവ്രമായ നിശബ്ദതയുറങ്ങുന്ന ഡംഡം പാറയിൽ
കോട്ടയം ∙‘ മനുഷ്യസൃഷ്ടിക്കു മുൻപുണ്ടായിരുന്ന തീവ്രമായ നിശബ്ദതയുറങ്ങുന്ന ഡംഡം പാറയിൽ ശനിയാഴ്ച വൈകിട്ടുണ്ടായ ബസപകടം കുറവിലങ്ങാട് ദേശത്തിന്റെ ദുരിതമായി കലാശിച്ചു.’– കൊടൈക്കനാൽ ബസ് ദുരന്തം ‘മനോരമ’യ്ക്കായി റിപ്പോർട്ട് ചെയ്ത ഇപ്പോഴത്തെ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം എഴുതിയ ഫീച്ചറിന്റെ ആദ്യവരികളാണിത്. പത്രപ്രവർത്തന പരിശീലന കാലത്തെ ആ സംഭവത്തെക്കുറിച്ച് അദ്ദേഹം ഓർമിക്കുന്നു.
‘ബസ് മറിഞ്ഞ് കുറേപ്പേർക്ക് പരുക്കുണ്ടെന്നാണ് ആദ്യദിവസം മനോരമയിലെ അവസാന കോപ്പികളിൽ വാർത്ത വന്നത്.
പിന്നാലെ കുറവിലങ്ങാട്ടെ മനോരമ ഏജന്റും പ്രാദേശിക ലേഖകനുമായിരുന്ന ഇമ്മാനുവൽ ഓഫിസിലേക്ക് വിളിച്ചു. കുറെ പേർ മരിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
ന്യൂസ് എഡിറ്റർ വി.കെ.ബി.നായർ സംഭവസ്ഥലത്തേക്ക് ഉടൻ പുറപ്പെടാൻ നിർദേശിച്ചു. ഫൊട്ടോഗ്രഫർ എം.കെ.വർഗീസും ഓടിയെത്തി.
പോകാനായി കാറിലേക്ക് കയറുമ്പോൾ ന്യൂസ് എഡിറ്ററും ഒപ്പമെത്തി. കനത്ത മഴയായിരുന്നു.
റേഡിയേറ്ററിൽ വെള്ളമൊഴിച്ച് എൻജിൻ തണുപ്പിക്കാൻ കെ.കെ റോഡിലെ പുല്ലുപാറയിൽ നിർത്തി.
അപകടസ്ഥലത്തെക്കുറിച്ച് പലരോടും തിരക്കി. വഴിനീളെ ചോദിച്ചാണ് ഡംഡം പാറയിൽ എത്തിയത്.
അവിടെച്ചെന്നപ്പോൾ അഗാധമായ കുഴിയിൽ തീപ്പെട്ടി പോലെ ആ ബസ് കിടപ്പുണ്ടായിരുന്നു. പൊലീസുകാർ മാത്രമേ അവിടെയുള്ളൂ.
വർഗീസ് ചേട്ടനും ഞാനും മഴപെയ്തു തെന്നിക്കിടന്ന കൊക്കയിലേക്ക് ഇറങ്ങി. താഴെ എത്തിയപ്പോഴേക്കും വർഗീസ് ചേട്ടന്റെ ആസ്മ കൂടി.
ഭാരമുള്ള ക്യാമറ എടുക്കാൻ വയ്യ. ചിത്രങ്ങൾ ഞാനെടുത്തു.
ഏറെ ശ്രമിച്ചിട്ടും അദ്ദേഹത്തിനു മുകളിലേക്ക് കയറാനായില്ല.
ഒടുവിൽ പൊലീസുകാരുടെ സഹായത്തോടെ വടത്തിൽ പിടിച്ചാണ് അദ്ദേഹത്തെ മുകളിൽ എത്തിച്ചത്. കടകളൊന്നും അടുത്തുണ്ടായിരുന്നില്ല.
ദാഹിച്ചുവലഞ്ഞ അദ്ദേഹത്തിന് പൊലീസുകാർ കുപ്പിവെള്ളം നൽകിയെങ്കിലും പെട്രോളിന്റെ ചുവയായിരുന്നതിനാൽ തുപ്പിക്കളഞ്ഞു. ആശുപത്രികളിൽ ചെന്നപ്പോഴാണ് ഇത്രയേറെ പേർ മരിച്ചെന്ന് അറിയുന്നത്.
തമിഴ്നാട് പൊലീസാണ് പേരുവിവരങ്ങൾ തന്നത്.
പേരോ വീട്ടുപേരോ കൃത്യമായി അറിയാത്ത അവർ പറഞ്ഞത് എനിക്കു മനസ്സിലായ തരത്തിൽ കുറിച്ചു. മടക്കയാത്രയിൽ വണ്ടിയിൽ ഇരുന്ന് വാർത്തയെഴുതി.
രാത്രി 8.30നു കുമളിയിലെത്തി. പെരുമഴയാണ്.
കുമളിയിൽനിന്ന് വാർത്തകൾ ഫോണിലൂടെ കോട്ടയത്തേക്കു നൽകാൻ നിർദേശിച്ച് മറ്റു 2 പേരും കോട്ടയത്തേക്കു പോകാൻ തീരുമാനിച്ചെങ്കിലും ടെലിഫോൺ എക്സ്ചേഞ്ച് കണ്ടതോടെ ആശ്വാസമായി. അവിടെക്കിടന്ന് ഉറങ്ങിയ ആളെ ഉണർത്തി.
വളരെ പ്രയാസപ്പെട്ടാണ് വിളിക്കാൻ സമ്മതിപ്പിച്ചത്. ഭാഗ്യത്തിന് ലൈൻ കിട്ടി.
ഞാൻ പറഞ്ഞ പേരുവിവരങ്ങൾ കൃത്യമാക്കാൻ ആ സമയം ഇമ്മാനുവലും ഓഫിസിൽ ഉണ്ടായിരുന്നു. ഫോട്ടോകൾ എത്തിക്കാൻ അതിവേഗം കോട്ടയത്തേക്കു തിരിച്ചു.
കൃത്യമായ വിവരങ്ങൾ പിറ്റേന്ന് ‘മനോരമ’യിൽ മാത്രമായിരുന്നു.
മറ്റൊരു പത്രത്തിന്റെ ആദ്യ എഡിഷനിൽ ജീവിച്ചിരിക്കുന്ന പലരും മരിച്ചതായി വാർത്ത വന്നതോടെ വലിയ പ്രതിഷേധമുണ്ടായി. പിറ്റേന്ന് രാവിലെ വീണ്ടും ഞാനും വർഗീസ് ചേട്ടനും കുറവിലങ്ങാട്ടേക്ക് പോയി.
അപ്പോഴേക്കും മൃതദേഹങ്ങൾ എത്തിച്ചിരുന്നു. സംസ്കാരച്ചടങ്ങുകളും റിപ്പോർട്ട് ചെയ്താണ് ദൗത്യം പൂർത്തിയാക്കിയത്.’ – ജോസ് പനച്ചിപ്പുറം ഓർത്തു.
പാറയിലിടിച്ചു, തകിടംമറിഞ്ഞ് താഴേക്ക്
കുറവിലങ്ങാട് ∙ 4 കിലോമീറ്റർ ചുറ്റളവിൽ അന്ന് 12 സൺഡേ സ്കൂളുകൾ.
അതിൽ സെൻട്രൽ സൺഡേ സ്കൂളിന്റെ പ്രധാനാധ്യാപകനായിരുന്നു മാപ്പിളപ്പറമ്പിൽ എം.ഡി.ദേവസ്യ. വിനോദയാത്രാ സംഘത്തിൽ ദേവസ്യയുമുണ്ടായിരുന്നു.
അപകടത്തിൽ വലതുകൈ രണ്ടിടത്ത് ഒടിഞ്ഞെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. അന്നത്തെ സംഭവങ്ങൾ ദേവസ്യ ഓർക്കുന്നു.
‘ആ വർഷം മികച്ച പ്രവർത്തനം നടത്തിയതിന്റെ സന്തോഷത്തിലാണ് വിനോദയാത്ര പോയത്. മേയ് 7ന് വെള്ളിയാഴ്ച പുറപ്പെട്ട് ഞായറാഴ്ച രാവിലെ 7.30ന് തിരിച്ചെത്താനായിരുന്നു പരിപാടി.
കാരണം ഞായറാഴ്ച സൺഡേ സ്കൂളുകൾക്ക് രൂപതാതല പരീക്ഷ ഉണ്ടായിരുന്നു. തകരാർ മൂലം ബസ് പുറപ്പെടാൻ വൈകി.
ഡ്രൈവറെയും ക്ലീനറെയും കൂടാതെ 45 പേർ. അതിൽ 3 പേർ വൈദികർ.
ആദ്യ ദിവസം മധുര മീനാക്ഷി ക്ഷേത്രവും തിരുമലനായ്ക്കന്റെ കൊട്ടാരവും കണ്ടു.
പിറ്റേന്ന് രാവിലെ അവിടെയുള്ള ചാപ്പലിൽ 3 വൈദികരും ചേർന്ന് കുർബാന അർപ്പിച്ചു. അന്നത്തെ യാത്രയ്ക്കിടയിൽ മധുരയിൽ ബസ് പൊലീസ് തടഞ്ഞു.
ഓവർലോഡാണെന്ന് അവർ പറഞ്ഞു. ഒരു വിധത്തിൽ പറഞ്ഞു സമാധാനിപ്പിച്ചാണ് യാത്ര തുടർന്നത്.
കൊടൈക്കനാലിൽ ഉച്ചയ്ക്ക് 2.30ന് എത്തി. വൈകിട്ട് അവിടം വിട്ട് കുറെ ദൂരം എത്തിയപ്പോഴാണ് കൂടെയുണ്ടായിരുന്ന ഫാ.
ചെറുകര ബസിൽ കയറിയില്ലെന്ന് അറിഞ്ഞത്. പിന്നെ തിരികെപ്പോയി അദ്ദേഹത്തെയും കൂട്ടി.
നാട്ടുകാരുടെ സ്നേഹം
വൈകിട്ട് 5.30 ആയിട്ടുണ്ടാകും.
ഡംഡം പാറയെന്നാണ് ആ പ്രദേശത്തിന്റെ പേര്. ഒരു കൂറ്റൻ പാറയിലേക്ക് ബസ് പാഞ്ഞുകയറി.
അതിൽ ഇടിച്ചതോടെ വണ്ടി മുഴുവൻ പുകയായി. പിന്നിലേക്ക് നീങ്ങിപ്പോയ വണ്ടി കൊക്കയിലേക്ക് മറിഞ്ഞു.
പലതവണ തകിടംമറിഞ്ഞു. ഞാൻ പുറത്തേക്കു തെറിച്ചുവീണു.
നോക്കുമ്പോൾ ബോഡിയൊക്കെ പൊളിഞ്ഞ് ഷാസി മാത്രമായി ബസ് വീണ്ടും മറിയുകയാണ്. റോഡിൽ വലിയകമ്പി കുത്തിയിറക്കി.
അതിൽവടം കെട്ടിയാണ് പൊലീസ് കൊക്കയിലേക്കിറങ്ങിയത്.
അടുത്തു കിടന്നവരുടെ മൂക്കിൻ തുമ്പിൽ അവർ വിരൽ വച്ചു നോക്കി. ശ്വാസം ഉള്ളവരെ മുകളിലേക്ക് എത്തിച്ചു.
അപ്പോഴേക്കും ഇരുട്ടായി. ഞാൻ അവിടിരുന്ന് ഒരു നേർച്ച നേർന്നു.
ഭാര്യയെയും മകനെയും കൊണ്ട് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ, രാമപുരത്ത് കുഞ്ഞച്ചൻ എന്നിവരുടെ അടുത്തുപോകാമെന്ന്. എന്റെ വലത്തെ കൈ മരവിച്ചു പോയിരുന്നു.
അവിടത്തെ നാട്ടുകാരുടെ സ്നേഹത്തെക്കുറിച്ച് പറയാതെ വയ്യ. അവർ കാപ്പിയും പലഹാരവും വാങ്ങിത്തന്നു.
അടുത്തുള്ള തുണിക്കടക്കാരൻ എല്ലാവർക്കും ഉടുപ്പും പുതപ്പുമെല്ലാം തന്നു. അന്നത്തെ അപകടവും മുറിവുകളും ഇപ്പോഴും മായാതെ ഉള്ളിലുണ്ട്.’– വിവിധ സ്കൂളുകളിൽ പ്രധാനാധ്യാപകനായി ജോലി ചെയ്ത് വിരമിച്ച എം.ഡി.ദേവസ്യ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

