ആലപ്പുഴ ∙ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിയായ അറുപത്തിയഞ്ചുകാരിക്കാണു രോഗം സ്ഥിരീകരിച്ചത്.
നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ വർഷം ആദ്യമായാണു ജില്ലയിൽ വെസ്റ്റ് നൈൽ സ്ഥിരീകരിക്കുന്നത്.
ക്യൂലക്സ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണു വെസ്റ്റ് നൈൽ. ദേശാടനപ്പക്ഷികളിൽ കാണുന്ന ഫ്ലാവി വൈറസാണു കൊതുകുകടിയിലൂടെ മനുഷ്യരിലേക്ക് എത്തുന്നത്.
വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി.
കൊതുകുകൾ പരത്തുന്ന രോഗമായതിനാൽ രോഗപ്രതിരോധത്തിനു കൊതുകുനിവാരണവും ഉറവിടനശീകരണവും പ്രധാനമാണെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ശുദ്ധജലത്തിലും വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലും ക്യൂലക്സ് കൊതുക് മുട്ടയിട്ടു പെരുകും.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുകയും വേണം. പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം.
രോഗലക്ഷണങ്ങൾ
തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണു രോഗലക്ഷണങ്ങൾ.
എന്നാൽ രോഗബാധയുണ്ടായ ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. ചിലർക്ക് പനി, തലവേദന, ഛർദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം.
ഈ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുക. ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോൾ മരണം വരെയും സംഭവിക്കാം.
രോഗബാധയുള്ള വ്യക്തിയിൽ നിന്ന് മറ്റു വ്യക്തികളിലേക്ക് രോഗം പകരില്ല. കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കുകയാണു ഏറ്റവും നല്ല പ്രതിരോധ മാർഗം.
ശരീരം മൂടുന്ന വിധത്തിൽ വസ്ത്രം ധരിക്കുക. കൊതുകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ, കൊതുകുതിരി, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കൊതുകുനശീകരണ ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതും ഫലപ്രദമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

