തിരുവനന്തപുരം ∙ ഒരു എംഎൽഎ മാത്രമുണ്ടായിരുന്ന തിരുവനന്തപുരത്ത് ഏഴ് സീറ്റിൽ വിജയിക്കാനായാതിന്റെ ആശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം. മൂന്നു മണ്ഡലങ്ങളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തായെങ്കിലും കഴിഞ്ഞ തവണത്തെക്കാൾ ഭേദപ്പെട്ട
നിലയാണ് മുന്നണി.2021ൽ മൂന്നാമതായ 4 മണ്ഡലങ്ങളിൽപെടുന്ന വട്ടിയൂർക്കാവിൽ ഇത്തവണ വിജയിക്കാനായതു യുഡിഎഫിന് ആത്മവിശ്വാസം പകരുന്നു. എന്നാൽ, ആറ്റിങ്ങൽ, കഴക്കൂട്ടം, നേമം എന്നിവിടങ്ങളിലെ മൂന്നാം സ്ഥാനം മുന്നണിക്ക് ഉണ്ടാക്കുന്ന തലവേദനയും ചെറുതല്ല.
ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ആർഎസ്പിയുടെ സന്തോഷ് ഭദ്രൻ 2021ലെ തിരഞ്ഞെടുപ്പിനെക്കാൾ വോട്ട് നേടിയെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പോയത് മുന്നണിയുടെ പ്രചാരണ പ്രവർത്തനങ്ങളിലെ വീഴ്ച കാരണമാണെന്ന ആരോപണം ഉയരുന്നു.
2 തവണ വിജയിച്ചതുൾപ്പെടെ മൂന്നു തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് അരുവിക്കരയിലേക്ക് മുന്നറിയിപ്പില്ലാതെ മാറ്റിയതാണ് മുന്നൊരുക്കങ്ങൾക്കു സമയമില്ലാതെ, തന്റെ പരാജയത്തിലേക്കു നയിച്ചതെന്ന് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന വി.എസ്.ശിവകുമാർ പറയുന്നു. നേമത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ ഏഴായിരത്തോളം വോട്ടുകൾ കുറഞ്ഞ് ദയനീയമായ മൂന്നാം സ്ഥാനത്തേക്കു പോകേണ്ടി വന്നതും കോൺഗ്രസിന്റെ വൻ വിജയത്തിനിടയിലും ക്ഷീണമായി.
ആറ്റിങ്ങലിൽ വാക്പോര്
2021ൽ ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥി നേടിയത് 36,948 വോട്ടുകളാണ്.
ഇത്തവണ 41,372 വോട്ടുകൾ നേടിയ യുഡിഎഫ് സ്ഥാനാർഥി സന്തോഷ് ഭദ്രൻ യുഡിഎഫ് തരംഗമുണ്ടായാൽ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും യുഡിഎഫിലെ ഒരു വിഭാഗം പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിന്നത് മൂന്നാം സ്ഥാനത്തേക്കു വീഴാൻ കാരണമായെന്നാണ് ആരോപണം. സംസ്ഥാനത്ത് ആർഎസ്പി മത്സരിച്ച നാല് സീറ്റിൽ മൂന്നിടത്തും ജയിച്ചപ്പോൾ തോറ്റ ഏക മണ്ഡലവുമിതാണ്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച് നഗരൂർ പൊലീസ് സ്റ്റേഷനിലേക്കും വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ ട്രോമാ കെയർ ആരംഭിക്കാത്തതിനെതിരെയും നടത്താൻ നിശ്ചയിച്ച പ്രതിഷേധ പരിപാടികൾ ചർച്ചകളിൽ ഒതുക്കിയതുകാരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്ല തുടക്കം നൽകാൻ കഴിഞ്ഞില്ലെന്നും ആർഎസ്പി ആരോപിക്കുന്നു.
ആറ്റിങ്ങൽ മുതൽ ആലംകോട് വരെയും കിളിമാനൂർ മുതൽ പോങ്ങനാട് വരെയും റോഡ് ഷോ നടത്താൻ നിശ്ചയിച്ചത് അവസാന നിമിഷം റദ്ദാക്കി. കിളിമാനൂർ പഞ്ചായത്ത് കൺവൻഷൻ ഒരുതവണ മാറ്റിവച്ച ശേഷമാണ് നടത്തിയത്.
ആദ്യം നിശ്ചയിച്ച തീയതിയിൽ 17 പേർ മാത്രമാണ് പങ്കെടുക്കാനെത്തിയത്. മാമത്ത് നിന്നും ആലംകോട് വരെ സ്ഥാനാർഥിയുടെ നേതൃത്വത്തിൽ നടത്തിയ പ്രഭാത സവാരി മാറ്റിവയ്ക്കാനും ഒരു വിഭാഗം ശ്രമിച്ചു.
തിരഞ്ഞെടുപ്പ് ദിവസം നഗരൂർ പഞ്ചായത്തിലെ പല ബൂത്തുകളിലും ഇൻ ഏജന്റുമാർ ഇല്ലായിരുന്നെന്നും രാവിലെ 10ന് ശേഷം പകരക്കാരെ എത്തിച്ചാണ് പ്രശ്നം പരിഹരിച്ചതെന്നും ആർഎസ്പി പറയുന്നു.
വോട്ട് മറിച്ചോ?
കഴിഞ്ഞതവണ 31,636 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ സിപിഎമ്മിലെ ഒ.എസ്.അംബികയ്ക്ക് ഇത്തവണ 13,375 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടാനായത്. ആകെ വോട്ടുകളിൽ പതിനായിരത്തിലധികം കുറവുണ്ടായി.
സിപിഎം ഭരിക്കുന്ന ആറ്റിങ്ങൽ നഗരസഭ പരിധിയിൽ ബിജെപിയാണ് ലീഡ് ചെയ്തത്. 2021 നെക്കാൾ ഏകദേശം 3,700 വോട്ടുകൾ ബിജെപി വർധിപ്പിക്കുകയും ചെയ്തു.
സിപിഎമ്മിനുള്ളിൽ ഒരു വിഭാഗം സ്ഥാനാർഥിക്കെതിരെ പ്രവർത്തിക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നു വിട്ടു നിൽക്കുകയും ചെയ്തത് പ്രചാരണ വേളയിൽ തന്നെ പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ട് എൻഡിഎയ്ക്കു കിട്ടിയിട്ടുണ്ടെന്ന് ബിജെപി നേതൃത്വം അവകാശപ്പെടുന്നു.
അരുവിക്കരയിൽ എന്തുപറ്റി?
സിപിഎം ജില്ലാ നേതൃത്വത്തിന്റെ കണക്കെടുപ്പിൽ നഷ്ടമായേക്കാവുന്ന സീറ്റുകളിലൊന്നായി കണക്കാക്കിയ അരുവിക്കരയിൽ യുഡിഎഫിന്റെ പരാജയമാണ് ചർച്ചയായത്.
യുഡിഎഫ് തരംഗത്തിനിടയിലും ജി.സ്റ്റീഫൻ മണ്ഡലം നിലനിർത്തിയത് എൽഡിഎഫിന്റെ കണക്കുകൂട്ടലുകളും തെറ്റിച്ചാണ്. തിരുവനന്തപുരം മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന വി.എസ്.ശിവകുമാറിനെ, ഘടകകക്ഷിയായ സിഎംപിക്കു സീറ്റ് നൽകുന്നതിന്റെ ഭാഗമായി അവസാന നിമിഷം അരുവിക്കരയിലേക്കു മാറ്റാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
എതിർപ്പുകളില്ലാതെ ശിവകുമാർ പാർട്ടി തീരുമാനം അംഗീകരിച്ചെങ്കിലും മുൻപരിചയമില്ലാത്ത അവിടെ പ്രവർത്തിക്കാൻ സമയം ലഭിക്കാത്തതാണ് പരാജയത്തിലേക്കു നയിച്ചതെന്നാണ് ശിവകുമാറിന്റെ വിലയിരുത്തൽ.
നേമത്ത് എങ്ങനെ വോട്ടുകുറഞ്ഞു?
2006ൽ 60,884 വോട്ട് നേടി കോൺഗ്രസ് ജയിച്ച നേമത്ത്, മണ്ഡലം പുനഃസംഘടനയ്ക്കു ശേഷം ഘടകകക്ഷിയായ ജനതാദളിനു നൽകിയതോടെയാണ് കോൺഗ്രസ് തകർന്നു തുടങ്ങിയത്. 2011ൽ വെറും 20,248 വോട്ട് മാത്രമാണ് എസ്ജെഡി സ്ഥാനാർഥിയായിരുന്ന ചാരുപാറ രവിക്കു ലഭിച്ചത്.
ആറായിരം വോട്ടുകളുണ്ടായിരുന്ന ബിജെപി 43,661 വോട്ട് നേടി രണ്ടാംസ്ഥാനത്ത് എത്തി. 2016ൽ ബിജെപി 67,813 വോട്ട് നേടി വിജയിച്ചപ്പോൾ യുഡിഎഫിന്റെ വോട്ട് 13,860 ആയി കുറഞ്ഞു.
2021ൽ സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് കെ.മുരളീധരനെ സ്ഥാനാർഥിയാക്കിയപ്പോൾ മൂന്നാം സ്ഥാനത്തിനു വ്യത്യാസമുണ്ടായില്ലെങ്കിലും വോട്ട് വർധിച്ച് 36,524 ആയി.
അത് ഇത്തവണ വീണ്ടും 6,794 വോട്ട് കുറഞ്ഞ് 29,730 എന്ന ജില്ലയിലെ യുഡിഎഫിന്റെ ഏറ്റവും കുറഞ്ഞ വോട്ട് വിഹിതത്തിലേക്ക് എത്തുകയായിരുന്നു. വിജയസാധ്യത കുറഞ്ഞ മണ്ഡലം എന്ന നിലയിൽ പ്രചാരണ പ്രവർത്തനങ്ങൾ വേണ്ടത്ര ഊർജിതമാക്കാത്തതും നഷ്ടമായ കോൺഗ്രസ് വോട്ടുകൾ തിരിച്ചു പിടിക്കാൻ ശ്രമിക്കാത്തതും പരാജയം കനത്തതാക്കി.
2021ൽ കോൺഗ്രസ് വോട്ടുകൾ പരമാവധി പിടിച്ചതാണ് എൽഡിഎഫിന്റെ വിജയം സാധ്യമാക്കിയതെന്നു കരുതുന്നവരുണ്ട്. ഇത്തവണ കോൺഗ്രസ് വോട്ടുകൾ നഷ്ടമായതിനൊപ്പം എൽഡിഎഫിന്റെ വോട്ടുകളിലും ഇടിവുണ്ടായി.
3,623 വോട്ടുകളാണ് എൽഡിഎഫിന് കുറഞ്ഞത്. ബിജെപി നേടിയ ഭൂരിപക്ഷം 4,978 ആണ്.
വട്ടിയൂർക്കാവിലും തർക്കം
ജില്ലയിൽ പൊതുവേ ബിജെപിയുടെ വോട്ട് വിഹിതം 2021ലെ തിരഞ്ഞെടുപ്പിനെക്കാൾ ഉയർത്തിയപ്പോൾ കുറഞ്ഞ ഏക മണ്ഡലം അവർ തുടക്കത്തിൽ വിജയപ്രതീക്ഷ ഉയർത്തിയ വട്ടിയൂർക്കാവ് ആണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ മുന്നിലെത്തിയത് ബിജെപിയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ബിജെപിയുടെ 2,383 വോട്ടുകൾ കുറഞ്ഞു.
എൽഡിഎഫിന്റെ വോട്ടു ചോർച്ച സിപിഎം നേതൃത്വത്തെ പോലും ഞെട്ടിക്കുന്നതാണ്. 2021ൽ 21,515 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലത്തിൽ അന്നത്തെക്കാൾ 18,918 വോട്ടുകളാണ് അവർക്കു ഇത്തവണ നഷ്ടമായത്.
കെ.മുരളീധരൻ വിജയിച്ചതാകട്ടെ, 5,425 വോട്ടിന്റെ ഭൂരിപക്ഷത്തിന്. വോട്ട് ഡീൽ ആരോപണമുയർന്ന മണ്ഡലത്തിൽ ആരുടെ വോട്ടുകൾ ആർക്കാണ് പോയതെന്ന സംശയം ബാക്കി.
ഞെട്ടിച്ച് വാമനപുരം
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ ഭൂരിപക്ഷവും 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ നേരിയ ഭൂരിപക്ഷവും.
പേടിക്കാൻ ഒന്നുമില്ലെന്ന് എൽഡിഎഫ് കരുതിയ വാമനപുരം മണ്ഡലത്തിലെ വമ്പൻ പരാജയമാണ് സിപിഎമ്മിനെ ഞെട്ടിച്ചത്. എന്നാൽ, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനു വാമനപുരത്തു ലഭിച്ചതിന്റെ ഇരട്ടിയിലധികം ഭൂരിപക്ഷം ഇത്തവണ സുധീർഷാ പാലോടിനു ലഭിച്ചു.
യുഡിഎഫ് സ്ഥാനാർഥിക്കെതിരെ വർഗീയ പരാമർശങ്ങൾ ഉൾപ്പെടെ ഉന്നയിച്ചു നടത്തിയ പ്രചാരണം തിരിച്ചടിച്ചെന്നാണ് കണക്കാക്കുന്നത്.
യുഡിഎഫ് തൂക്കി
ഒരുസീറ്റിൽ നിന്ന് ഏഴ് സീറ്റുകളിലെ വിജയത്തിലേക്കെത്തിയ വളർച്ചയാണ് യുഡിഎഫിന്റേത്. 2016 ൽ നാല് സീറ്റാണ് യുഡിഎഫിനുണ്ടായിരുന്നത്.
2011 ൽ 8 സീറ്റുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 1,13,906 വോട്ടിന്റെ വർധനയാണ് യുഡിഎഫിന് ഇത്തവണയുണ്ടായത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ ലഭിച്ചത് 6,28,131 വോട്ടുകളായിരുന്നു. ഇത്തവണ അത് 7,42,037 വോട്ടുകളായി വർധിച്ചു.
ആകെ പോൾ ചെയ്ത വോട്ടിന്റെ 37.05% എൽഡിഎഫിനെക്കാൾ 0.75% മാത്രം കുറവ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 6,37,146 വോട്ടും തദ്ദേശ തിരഞ്ഞെടുപ്പിൽ 5,98,681 വോട്ടും നേടിയ യുഡിഎഫിന് ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കാനായി.
എന്നാൽ, നേമം, കഴക്കൂട്ടം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കു വീഴുകയും ചെയ്തു.
ബിജെപി വളർന്നു
നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പൻ വളർച്ച ബിജെപിയുടേതാണ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 1,22,775 വോട്ടുകളാണ് ഇത്തവണ ബിജെപി അധികമായി നേടിയത്.
കൂടാതെ, രണ്ടു മണ്ഡലങ്ങളിൽ വിജയത്തിലുമെത്തി. 2021 ൽ 3,49,667 വോട്ടുകളാണ് ബിജെപി നേടിയത്.
ഇത്തവണ അത് 4,72,442 വോട്ടുകളായി വളർന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെ 6,04,814 വോട്ടുകൾ നേടിയ എൻഡിഎയ്ക്ക് ഇത്തവണ അത്രത്തോളം വോട്ട് ഉയർത്താനായിട്ടില്ല.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച 4,65,709 വോട്ട് മറികടക്കാനും സാധിച്ചു.
ചോർന്ന് എൽഡിഎഫ്
ഇത്തവണ ജില്ലയിലെ 14 മണ്ഡലങ്ങളിലുമായി എൽഡിഎഫ് സ്ഥാനാർഥികൾ നേടിയത് 7,57,048 വോട്ട് ആണ്. ജില്ലയിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 37.80%.
2021 ൽ എൽഡിഎഫിന് ലഭിച്ചത് 8,48,217 വോട്ടുകളാണ്. ആകെ 91,169 വോട്ട് കുറവ്.
അതേസമയം, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ലഭിച്ചതിനെക്കാൾ വോട്ടുകളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 5,20,218 വോട്ടുകളും തദ്ദേശ തിരഞ്ഞെടുപ്പിൽ 6,91,395 വോട്ടുകളുമാണ് എൽഡിഎഫിന് ലഭിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

