കേരളം, ബംഗാൾ, തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എൽപിജി സിലിണ്ടർ വില ഒറ്റയടിക്ക് കുത്തനെ കൂടി പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 993 രൂപയാണ് കൂട്ടിയത്.
ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് അപൂർവങ്ങളിൽ അപൂർവം. സിലിണ്ടർ വില 3000 രൂപയും കടന്നു.
3085 രൂപയാണ് ഇന്ന് പ്രാബല്യത്തിൽ വന്നവിധം കൊച്ചിയിലെ വില.
തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ.
ഹോട്ടൽ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയ്ക്ക് ‘ഗുരുതര’ ആഘാതമാണ് ഈ കനത്ത വിലക്കയറ്റം. പ്രവർത്തനച്ചെലവ് കുത്തനെ കൂടുമെന്നതിനാൽ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാൻ ഇവർ നിർബന്ധിതരായേക്കും.
വിലകൂട്ടുന്നത് ഉപഭോക്താക്കളെ അകറ്റാനും സാധ്യതയേറെ.
ഏപ്രിൽ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ , മാർച്ച് 1ന് 28-31 രൂപ, മാർച്ച് 7ന് 115 രൂപ എന്നിങ്ങനെയും കൂട്ടി.
തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനും മറ്റുമായി സ്വന്തം നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികൾ ഇനിയും മടങ്ങിയെത്താത്തത് കേരളത്തിലെ ഹോട്ടൽ/റസ്റ്ററന്റ് മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. എൽപിജി വിതരണത്തിലെ നിയന്ത്രണം ഒട്ടേറെ ഹോട്ടലുകൾ അടച്ചിടുന്നതിലേക്കും വഴിവച്ചിരുന്നു.
ഇതിനിടെയാണ് ഇടിത്തീപോലെ ഗ്യാസ് വിലക്കയറ്റം.
വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില ‘തൽക്കാലം’ കൂട്ടിയിട്ടില്ല. 921.5 രൂപയാണ് കോഴിക്കോട്ട് വില.
തിരുവനന്തപുരത്ത് 922 രൂപയും കൊച്ചിയിൽ 920 രൂപയും. ഗാർഹിക സിലിണ്ടർ, പെട്രോൾ, ഡീസൽ എന്നിവയുടെ വില തിരഞ്ഞെടുപ്പിന് പിന്നാലെ എണ്ണക്കമ്പനികൾ കൂട്ടുമെന്ന ആശങ്ക ശക്തമായിരുന്നു.
വില കൂട്ടാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആരോപിച്ചിരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വില കൂട്ടുമെന്ന പ്രചാരണങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞദിവസം തള്ളുകയായിരുന്നു ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

